തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ യു.കെ പാർലമെന്റിലെ ഹൗസ് ഒഫ് കോമൺസിൽ പോയി വാങ്ങിയ ആദരവിനെച്ചൊല്ലി വിവാദം. ഭരണപക്ഷം അനുമോദന പോസ്റ്റുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ ട്രോളുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് കോർപ്പറേഷനിലെ സുസ്ഥിര വികസനങ്ങളുടെ പേരിൽ വേൾഡ് ബുക്ക് ഒഫ് റെക്കാഡ്സിന്റെ സർട്ടിഫിക്കറ്റ് ഒഫ് എക്‌സലൻസ് പുരസ്‌കാരം മേയർ യു.കെയിലെത്തി സ്വീകരിച്ചത്. ഇന്ത്യൻ സംഘടന യു.കെയിൽ വച്ച് നൽകിയ അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ കോർപ്പറേഷൻ ചെലവിലായിരുന്നു മേയറുടെ യാത്രയെന്നാണ് വിമർശനം. കാശ് കൊടുത്തുവാങ്ങുന്ന പുരസ്‌കാരങ്ങളുടെ പട്ടികയിൽപ്പെട്ടതാണ് മേയർക്ക് ലഭിച്ച അംഗീകാരമെന്നും ആക്ഷേപമുണ്ട്.

ഇന്ത്യക്കാരൻ സ്ഥാപക പ്രസിഡന്റും സി.ഇ.ഒയുമായ സംഘടനയാണ് വേൾഡ് ബുക്ക് ഒഫ് റെക്കാഡ്സ്. സംഘടന യു.കെ പാർലമെന്റ് ഹാൾ വാടകയ്ക്കെടുത്ത് നടത്തിയ ചടങ്ങിന് ഹൗസ് ഒഫ് കോമൺസുമായി ബന്ധമില്ലെന്നാണ് ആരോപണം. ഈ സംഘടനയ്‌ക്ക് ഗിന്നസ് വേൾഡ് റെക്കാഡ്സുമായി ബന്ധമില്ലെന്നും വിമർശനമുണ്ട്. ചടങ്ങിൽ സമ്മാനിച്ച സർട്ടിഫിക്കറ്റിൽ മേയർ ആര്യാ രാജേന്ദ്രൻ, സി.പി.എം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു സർട്ടിഫിക്കറ്റിലും അങ്ങനെ രേഖപ്പെടുത്തുന്ന പതിവില്ലെന്നും വിമർശകർ ഉന്നയിക്കുന്നു.

വേൾഡ് ബുക്ക് ഒഫ് റെക്കാഡ്സിന്റെ കഴിഞ്ഞ മാസം 22ലെ ക്ഷണപ്രകാരം മേയർക്ക് പോകാൻ അനുമതി നൽകിയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിൽ യാത്രാച്ചെലവ് കോർപ്പറേഷന്റെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അങ്ങനെ തുക ചെലവാക്കിയായിരുന്നു യാത്ര.