തിരുവനന്തപുരം: പൂജപ്പുര ചാടിയറ ജംഗ്ഷനും ഐലന്റ് പാർക്കും ഇരുട്ടിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം.ജനപ്രതിനിധികൾ,അധികാരികൾ എന്നിവർക്കുൾപ്പെടെ പലവട്ടം പരാതികൾ നൽകിയിട്ടും നവരാത്രി മഹോത്സവത്തിന് ഒരാഴ്ച ശേഷിക്കേ ഈ പ്രദേശങ്ങളിൽ തെരുവുവിളക്ക് സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.ഐലന്റ് പാർക്കിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ ഉണ്ടെങ്കിലും അതെല്ലാം പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ഒരുപാട് പേർ വൈകിട്ടും രാവിലെയും സമയം ചെലവഴിക്കാൻ എത്തുന്ന പാർക്കിനാണ് ഈ ദുർസ്ഥിതി.
ഇരുട്ടിന്റെ മറവിൽ
ലഹരി വില്പനയും
നിലവിൽ ഇരുട്ടിന്റെ മറവിൽ ലഹരി വില്പനയും ഉപയോഗവും മറ്റനാവശ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.മേയർ പലപ്പോഴും തന്റെ വാർഡിലേക്ക് പോകുന്ന വഴിയാണിത്.അധികാരികളുടെ കണ്ണിന് മുന്നിലായിട്ടും ആരും ഗൗരവത്തിലെടുക്കുന്നില്ല.പ്രശ്നം ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനും ഉമ്മൻചാണ്ടി സ്നേഹ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റുമായ കരകുളം ശശി മേയർ ആര്യാ രാജേന്ദ്രൻ,കൗൺസിലർ വി.വി രാജേഷ് എന്നിവർക്ക് പരാതി നൽകി.