1

ശംഖുംമുഖം: കമ്പവലക്കാരുടെ മനംനിറച്ച് നെത്തോലി ചാകര.കഴിഞ്ഞ ദിവസം രാവിലെ ശംഖുംമുഖം മുതൽ വെട്ടുകാട് വരെ കടലിൽ കമ്പവലയെറിഞ്ഞ് കരയ്ക്ക് കയറ്റിയവരുടെ വലകളിലാണ് കറുത്ത നെത്തോലി ചാകര നിറഞ്ഞത്. വലകളിൽ ചാകര നിറഞ്ഞ വിവരമറിഞ്ഞതോടെ തീരത്തേക്ക് കച്ചവടക്കാരുടെയും നാട്ടുകാരുടെയും ഒഴുക്കായി. തുടക്കത്തിൽ ഒരു കുട്ട നെത്തോലി 900 രൂപ വരെ ലേലത്തിൽ പോയി.പലവലകളിലും നെത്തോലി പെട്ടതോടെ വിലയും കുറഞ്ഞുതുടങ്ങി. അവസാനം ഒരു കുട്ട വില 400 രൂപയിലേക്കെത്തി. വളരെ കാലത്തിന് ശേഷമാണ് തീരത്ത് കമ്പവലയിൽ കറുത്ത നെത്തോലി കൂട്ടമായെത്തിയത്. കമ്പവലയിൽ കുടുങ്ങുന്ന മത്സ്യങ്ങൾ തീരത്തെത്തി ഏറെ സമയം കഴിഞ്ഞാണ് ജീവൻപോകുന്നത്. അതിനാൽ ഐസും മറ്റ് കൃത്രിമങ്ങളും ചേർക്കാത്തതിനാൽ ഈ മത്സ്യങ്ങൾക്ക് സ്വാദേറെയാണ്.