
ഇക്കാലത്ത് സാധാരണ മനുഷ്യന് താങ്ങാൻ കഴിയാത്ത ഏറ്റവും വലിയ ചെലവ് വരുന്നത് രോഗദുരിതങ്ങളുടെ ചികിത്സയുടെ ഭാഗമായാണ്. ഒരു ആയുഷ്കാലംകൊണ്ട് അദ്ധ്വാനിച്ച് സ്വരൂപിക്കുന്ന കരുതൽധനം തീരാൻ വലിയ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് ഒരാഴ്ച പോലും വേണ്ട. വയോജനങ്ങളുടെ ചികിത്സയ്ക്കു പോലും ലക്ഷങ്ങൾ വേണ്ടിവരുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഇൻഷ്വറൻസ് മേഖലയുമായി സഹകരിച്ചാണ് വികസിത രാജ്യങ്ങൾ ഈ പ്രതിസന്ധി നേരിടുന്നത്. എന്നാൽ ഇന്ത്യയിൽ പാവപ്പെട്ടവർക്കായി പ്രധാനമന്ത്രിയുടെ പേരിലുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളൊക്കെ ഉണ്ടെങ്കിലും എല്ലാ പൗരന്മാരും അതിൽ അംഗമായിട്ടില്ല. ഇന്ത്യയുടെ ജനസംഖ്യയുടെ ഭൂരിഭാഗവും ഇപ്പോഴും ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് പുറത്താണെന്നതാണ് യാഥാർത്ഥ്യം.
ഈ സാഹചര്യത്തിൽ പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി തികച്ചും സ്വാഗതാർഹവും അഭിനന്ദനീയവുമാണ്. നിലവിൽ കേരളത്തിലെ 500- ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000-ത്തോളം ആശുപത്രികൾ വഴി പ്രവാസി കേരളീയർക്ക് കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ഭാവിയിൽ ജി.സി.സി രാജ്യങ്ങളിലുൾപ്പെടെയുള്ള ആശുപത്രികളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പോളിസി എടുത്ത്, തിരിച്ചുവരുന്നവർക്ക് അത് തുടരാനുള്ള സംവിധാനം ഒരുക്കുന്നതും ശ്ളാഘനീയമാണ്. ഏറെക്കാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് ഇപ്പോൾ സാക്ഷാത്‌കരിക്കപ്പെടുന്നത്. ലോക കേരള സഭയിൽ ഉൾപ്പെടെ ഉയർന്ന ആശയമാണിതെന്ന് പദ്ധതിയുടെ ഉദ്ഘാടനം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കുകയുണ്ടായി.
പ്രവാസി കേരളീയർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷയും ഒരുക്കുന്നതാണ് നോർക്ക കെയർ പദ്ധതി. നോർക്ക കെയർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 22-ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. നവംബർ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 2026 ഒക്ടോബർ 31 വരെ ഒരു വർഷമാണ് പദ്ധതി കാലയളവ്. വീണ്ടും നവംബർ ഒന്നു മുതൽ പദ്ധതി പുതുക്കാം. പ്രായപരിധി 18 മുതൽ 70 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രായം കൂടുന്നതനുസരിച്ച് പദ്ധതി പ്രീമിയം കൂടില്ല. പദ്ധതിയിൽ സെപ്‌തംബർ 22 മുതൽ ഒക്ടോബർ 22 വരെ ചേരാവുന്നതാണ്. പദ്ധതി പ്രകാരം ഭർത്താവ്, ഭാര്യ, 25 വയസിൽ താഴെയുള്ള രണ്ട് കുട്ടികൾ എന്നിവർ അടങ്ങിയ ഒരു കുടുംബത്തിന് 13,411 രൂപയാണ് വാർഷിക പ്രീമിയം. ഒരു വ്യക്തിക്ക് മാത്രമാണെങ്കിൽ 8,101 രൂപയാകും. അധികമായി വരുന്ന 25 വയസിൽ താഴെയുള്ള കുട്ടിക്ക് 4.130 രൂപ കൂടുതൽ അടയ്ക്കേണ്ടിവരും.
മെഡിക്കൽ പരിശോധന ഇല്ലാതെ തന്നെ, നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ കിട്ടുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. നോർക്കയുടെ മൊബൈൽ ആപ്ളിക്കേഷൻ വഴിയോ വെബ്‌സൈറ്റ് വഴിയോ പദ്ധതിയിൽ ചേരാവുന്നതാണ്. ആപ്ളിക്കേഷൻ പ്ളേ സ്റ്റോറിൽ ലഭ്യമാകും. ഇതു സംബന്ധിച്ച് സ്വദേശത്തും വിദേശങ്ങളിലും ബോധവത്‌കരണം നടത്തേണ്ടതും വളരെ ആവശ്യമാണ്. ഇന്ത്യയ്ക്കു പുറത്തുള്ള 40 ലക്ഷം പ്രവാസി മലയാളികളും, ഇന്ത്യയ്ക്കകത്തും കേരളത്തിനു പുറത്തുമുള്ള 35 ലക്ഷത്തോളം പേരും ഉൾപ്പെടെ 75 ലക്ഷത്തോളം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല.