vanthara

മൃഗങ്ങളുടെ ആവാസകേന്ദ്രം കാടുകളാണ്. അവിടെ കടന്നുകയറി നായാട്ടിന്റെ ഭാഗമായി അവയെ കൊല്ലുന്നത് പുരാതന വിനോദങ്ങളിൽ ഒന്നായിരുന്നു. വെടിമരുന്നിന്റെ കണ്ടുപിടിത്തത്തോടെയാണ് മനുഷ്യൻ വ്യാപകമായി വന്യമൃഗങ്ങളെ വകവരുത്തിത്തുടങ്ങിയത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അവരുടെ പ്രധാന വിനോദങ്ങളിലൊന്ന് വന്യമൃഗങ്ങളെ വെടിവച്ച് പിടികൂടുക എന്നതായിരുന്നു. പിന്നീട് വന്യമൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമങ്ങളൊക്കെ പ്രാബല്യത്തിൽ വന്നതിനു ശേഷവും ആനക്കൊമ്പിനും മറ്റുമായി ആനകളെ വെടിവച്ചുകൊല്ലുന്ന അനധികൃത വേട്ടക്കാരും ഇന്ത്യയിൽ കുറവല്ലായിരുന്നു. ഇതിനൊപ്പമാണ് കാടുകൾ വെട്ടിപ്പിടിച്ച് ജനങ്ങൾ ആവാസകേന്ദ്രങ്ങളാക്കിത്തുടങ്ങിയത്. ലോകത്താകമാനം കാടുകളുടെ വിസ്‌തൃതി കുറഞ്ഞുവരുന്നതല്ലാതെ കൂടുന്നില്ല. ഇതെല്ലാം വന്യമൃഗങ്ങളുടെ സുരക്ഷിത ജീവിതത്തെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുള്ള ഘടകങ്ങളാണ്.

ഇതിനിടയിൽ വന്യമൃഗങ്ങളെ സംരക്ഷിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ പല പദ്ധതികളും നാഷണൽ പാർക്കുകളുടെയും മറ്റും പാലനത്തിനായി നടത്തിവരുന്നുണ്ടെങ്കിലും സ്വകാര്യ കമ്പനികളും വ്യക്തികളും ഈ മേഖലയിലേക്ക് അധികം കടന്നുവന്നിട്ടില്ലായിരുന്നു. ഇതിന് ഒരു അപവാദമായാണ് റിലയൻസ് ഇൻഡസ്ട്രീസ് ഗുജറാത്തിൽ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ 'വൻതാര" തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗുജറാത്തിലെ വന്യജീവി റെസ്‌ക്യൂ- പുനരധിവാസകേന്ദ്രം ഈ വർഷമാദ്യം ഉദ്ഘാടനം ചെയ്തത്. 20,000- ത്തിലധികം സ്‌പീഷിസുകളുടെയും വംശനാശ ഭീഷണി നേരിടുന്ന 1.5 ലക്ഷത്തിലധികം മൃഗങ്ങളുടെയും വൻ ആവാസ കേന്ദ്രമാണ് 'വൻതാര." ഏതാണ്ട് 3000 ഏക്കർ വിസ്‌തൃതിയുള്ള 'വൻതാര" നടത്തിക്കൊണ്ടു പോകാൻ കോടികളുടെ ചെലവ് വേണ്ടിവരും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയാണ് ഈ വന്യജീവി പുനരധിവാസ കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരൻ.

ഗുജറാത്തിലെ ഗ്രീൻബെൽറ്റ് എന്നറിയപ്പെടുന്ന ജാംനഗറിലാണ് 'വൻതാര" സ്ഥിതിചെയ്യുന്നത്. ജനങ്ങൾക്ക് സന്ദർശനം അനുവദിക്കുന്ന മൃഗശാലയുടെ രീതിയിലല്ല ഇത് പ്രവർത്തിക്കുന്നത്. ഇന്ത്യ സന്ദർശിക്കാനെത്തുന്ന ലോകത്തിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലയിലെ പ്രമുഖരിൽ പലരും ഈ കേന്ദ്രം സന്ദർശിക്കുകയും വളരെ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ഒരു കമ്പനി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വികസിത രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയിൽ സംശയദൃഷ്ടിയോടെയാണ് 'വൻതാര"യെ പലരും വീക്ഷിച്ചിരുന്നത്. വെള്ളം ദുരുപയോഗം, കാർബൺ ക്രെഡിറ്റ് ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി ആരോപണങ്ങൾ ഉന്നയിച്ച് രണ്ട് സംഘടനകൾ ഈ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു. ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, രാധേകൃഷ്ണ ടെമ്പിൾ എലിഫെന്റ് വെൽഫെയർ ട്രസ്റ്റ് എന്നീ സംഘടനകളാണ് ഹർജികൾ സമർപ്പിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം,​ ഈ കേന്ദ്രത്തിന്റെ നടത്തിപ്പിൽ നിഗൂഢതയൊന്നുമില്ലെന്നും സാമ്പത്തിക ആരോപണങ്ങളെല്ലാം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളവയാണെന്നും കണ്ടെത്തി, ഈ കേന്ദ്രത്തിന് ക്ളീൻചിറ്റ് നൽകിയിരിക്കുകയാണ്. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് 'വൻതാര"യുടെ പ്രവർത്തനമെന്നാണ് റിട്ടയേർഡ് ജഡ്‌ജിമാരും വന്യജീവി പരിപാലന വിദഗ്ദ്ധരും മറ്റും അടങ്ങിയ പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ട്. ഇതോടെ വന്യമൃഗങ്ങൾക്ക് ലോക നിലവാരത്തിനു തുല്യമായ പരിപാലനം നൽകുന്ന ഈ കേന്ദ്രം സുഗമമായി മുന്നോട്ടു പോകുമെന്ന് കരുതാം. ഇത് മാതൃകയാക്കി മറ്റ് സംസ്ഥാനങ്ങളിലും സർക്കാരിന്റെയോ സ്വകാര്യ കമ്പനികളുടെയോ നേതൃത്വത്തിൽ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുന്നത് വന്യമൃഗങ്ങളോട് നൂറ്റാണ്ടുകളായി മനുഷ്യർ ചെയ്ത ക്രൂരതകൾക്ക് പ്രായശ്ചിത്തമാകാൻ ഉപകരിക്കും.