
കുന്നത്തുകാൽ: കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച നിലമാമൂട് സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിലയം നിർമ്മിച്ചത്.
ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ നിർവഹിച്ചു. റീഡിംഗ് റൂം,ലൈബ്രറി,സ്മാർട്ട് അങ്കണവാടി,നൂറ് പേർക്ക് ഇരിക്കാവുന്ന ഹാൾ എന്നിവ അടങ്ങിയതാണ് പുതിയ സാംസ്കാരിക നിലയം. ഗുണനിലവാരത്തിൽ ദേശീയ അംഗീകാരം നേടിയെടുത്ത കോരണംകോട് സബ് സെന്റർ, കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രം, കുന്നത്തുകാൽ ആയുർവേദ ആശുപത്രി എന്നിവയിലെ ആരോഗ്യ പ്രവർത്തകരെയും ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയ കുന്നത്തുകാൽ കുടുംബശ്രീ സി.ഡി.എസിലെ അംഗങ്ങളെയും ഹരിത കർമ്മസേന അംഗങ്ങളെയും നിർവഹണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ,പെരുങ്കടവിള ബ്ലോക്ക് മെമ്പർ ടി. വിനോദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.