santhosh-arest

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ട്രാഫിക് പരിഷ്കരണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് തടഞ്ഞ ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന നേതാക്കളടക്കം 16 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പട്ടണത്തിലെ ഗതാഗത പരിഷ്കരണം അട്ടിമറിച്ചത് ഭരണ കക്ഷിയുമായുള്ള സാമ്പത്തിക ഇടപാടാണെന്ന് ബി.ജെ.പി ആരോപിച്ചു. ട്രാഫിക് റെഗുലേറ്ററി ബോർഡ് എടുത്ത തീരുമാനമാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗം മാറ്റിയത്. ഗതാഗതപ്രശ്നം പരിഹരിക്കാൻ ജില്ലാകളക്ടർ നിർദ്ദേശിച്ച വിദഗ്ദ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടാണ് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന റെഗുലേറ്ററി അധികൃതർ തള്ളിയത്. ഇതിനെതിരെ ഉച്ചയോടെ ബി.ജെ.പി പ്രവർത്തകർ പാലസ് റോഡിൽ പ്രകടനമായെത്തി സ്വകാര്യബസ് തടഞ്ഞ് പ്രതിഷേധിച്ചു. ബസ് തടയൽ സമരം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു.തടഞ്ഞിട്ട സ്വകാര്യ ബസിന് പിന്നിൽ നിരയായി സ്വകാര്യ ബസുകൾ കൊണ്ടിട്ട് പാലസ് റോഡിൽ ഗതാഗത സ്തംഭനമുണ്ടാക്കി. ഇതിനിടെ ബസ് ജീവനക്കാരും സമരക്കാരും തമ്മിലുണ്ടായ വാഗ്വാദങ്ങൾ സംഘർഷത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. തുടർന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. എന്നാൽ സമാധാനപരമായി നടത്തിയ സമരത്തെ പൊലീസ് മൃഗീയമായി കൈകാര്യം ചെയ്തതായി ബി.ജെ.പി ആരോപിച്ചു. വനിതകളടക്കമുള്ള പ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ് ജീപ്പിൽ കയറ്റിയതും വിവാദമായി. സംസ്ഥാന വൈസ്‌പ്രസിഡന്റ് അഡ്വ.പി.സുധീർ അടക്കമുള്ള 16 പേരെ അറസ്റ്റ് ചെയ്തതിൽ 7 വനിതകളും ഉൾപ്പെട്ടിരുന്നു. വനിതാപ്രവർത്തകരെ പുരുഷപൊലീസ് കൈയേറ്റം ചെയ്ത സംഭവത്തിൽ ബി.ജെ.പി പൊലീസ് കംപ്ലെയിന്റ് അതോറിട്ടിക്ക് പരാതി നൽകുമെന്നും ട്രാഫിക് റെഗുലേറ്ററി അതോറിട്ടി തയ്യാറാക്കിയ ട്രാഫിക് പരിഷ്കരണം നടപ്പാക്കുന്നതുവരെ സമരപരിപാടികൾ തുടരുമെന്നും സുധീർ അറിയിച്ചു. ജില്ലാ പ്രസിഡന്റ് റെജികുമാർ,ഇലകമൺ സതീശൻ ആറ്റിങ്ങൽ സന്തോഷ്,ബൈജു,വക്കം അജിത് തുടങ്ങിയവർ പങ്കെടുത്തു.