
നെയ്യാറ്റിൻകര:നെയ്യാറ്റിൻകര നഗരസഭയിൽ ടോയ്ലെറ്റ് നിർമ്മാണത്തിനുള്ള ഫണ്ട് ഗുണഭോക്താക്കൾക്ക് നൽകാത്തതിനെതിരെ ബി.ജെ.പി പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ സെക്രട്ടറിയെ ഉപരോധിച്ചു. ഗുണഭോക്താക്കൾ ടോയ്‌ലെറ്റിനായി രണ്ട് കുഴികൾ തയാറാക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പ്രവർത്തികൾ ചെയ്തെങ്കിലും ഗുണഭോക്താക്കൾക്ക് നൽകേണ്ട തുകയുടെ ആദ്യ ഗഡു പോലും ചിലർക്ക് കിട്ടിയിട്ടില്ല. ഇതാണ് സംഘർഷത്തിന് കാരണമായത്. ഗുണഭോക്താക്കൾക്ക് ഈ മാസം തന്നെ തുക നൽകുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഉറപ്പ് പാലിച്ചില്ലെങ്കിൽ ജനകീയ സമരവുമായി മുന്നോട്ട് പോവുമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ വ്യക്തമാക്കി.സമരത്തിൽ കൗൺസിലർമാരായ മഞ്ചന്തല സുരേഷ്, വേണുഗോപാൽ, അജിത, കല തുടങ്ങിയവർ പങ്കെടുത്തു.