തിരുവനന്തപുരം: ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരനെ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട സ്വദേശിയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനുമായ ബിജുവിനാണ് (42) മർദ്ദനമേറ്റത്. ഇയാൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകയെ ആക്രമിച്ച കേസിലാണ് രണ്ടുദിവസം മുമ്പ് ഇയാളെ പേരൂർക്കട പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ മാസം ആദ്യമാണ് ജീവനക്കാരിയെ ക്രൂരമായി ആക്രമിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നതായി പൊലീസ് പറയുന്നു.
ജോലിക്കും വീട്ടിലും പോകാതെ അലഞ്ഞുതിരിഞ്ഞ് നടന്ന ഇയാളെ സാമൂഹ്യപ്രവർത്തകർ തിരുവല്ലയിലെ ഒരു സംരക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. അവിടെ നിന്ന് അറിയിച്ചതനുസരിച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. റിമാൻഡ് ചെയ്തതിനൊപ്പം അവശനിലയിലായ ഇയാൾക്ക് ചികിത്സയും കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. മർദ്ദിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ആരോഗ്യ പരിശോധനയിൽ തലയ്ക്കുള്ളിൽ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തി ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും ജയിൽ അധികൃതർ പറയുന്നു.