photo

പാലോട്: പണമിടപാട് തർക്കത്തെത്തുടർന്ന് വീട്ടമ്മയെ മർദ്ദിച്ചെന്ന പരാതിയിൽ കേസെടുത്ത് പാലോട് പൊലീസ്. വയ്യാനം സ്വദേശി ജമീലാബീവി (55)യുടെ പരാതിയിൽ കുളമാൻ കുഴി സ്വദേശി ഷാജി എന്ന് വിളിക്കുന്ന ഷാജഹാനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 28ന് വൈകിട്ട് 4നാണ് സംഭവം.ബ്രൈമൂർ എസ്റ്റേറ്റിൽ നിന്ന് 3.5 കോടി രൂപയുടെ റബർമരം മുറിച്ചു മാറ്റുന്നതിനായി ജമീലാബീവിയുടെ ഭർത്താവ് അബ്ദുൾ റഹീമും ഷാജഹാനും മറ്റൊരു സുഹൃത്തും ചേർന്ന് കരാർ എടുത്തിരുന്നു. ഇതിൽ കുറച്ച് മരംമുറിച്ച് പെരുമ്പാവൂരിൽ എത്തിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അബ്ദുൾ റഹീമും ഷാജഹാനും പണമിടപാടിൽ തർക്കമുണ്ടായി. ഇത് ചോദിക്കാൻ മരംമുറിക്കുന്ന സ്ഥലത്ത് ചെന്ന ജമീലാബീവിയെ സമീപത്തുണ്ടായിരുന്ന തടികൊണ്ട് ഷാജഹാൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ജമീലാബീവി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടശേഷമാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഷാജഹാൻ ഒളിവിലാണ്.