വെഞ്ഞാറമൂട്: ഒട്ടേറെ നൂതന വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയതിലൂടെ ദേശീയ തലത്തിൽ നിരവധി തവണ ശ്രദ്ധിക്കപ്പെട്ട പഞ്ചായത്താണ് പുല്ലമ്പാറ. പൂർണമായും ഗ്രാമീണ മേഖലയെ ഉൾക്കൊള്ളുന്ന ഈ പഞ്ചായത്ത് രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്താണ്. ഇപ്പോഴിതാ നാടിനാകെ മാതൃകയാക്കാൻ,​ പൊതുവിദ്യാലയങ്ങളുടെ മികവുകൾ നാടിനെ അറിയിക്കാൻ എഡ്യുഫെസ്റ്റ് എന്ന പേരിൽ വിദ്യാഭ്യാസ മഹോത്സവം നടത്തുകയാണ് ഈ മലയോര പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ മികവവതരണങ്ങൾ, ശില്പശാലകൾ, വിജ്ഞാന സംഗമം, പ്രതിഭാ സംഗമം, പരിശീലന ക്യാമ്പുകൾ, ഭരണഘടന സാക്ഷരത, ഡിജിറ്റൽ സാങ്കേതിക സർവകലാശാലയിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഐ.ടി@സ്കൂളിൽ നിന്നും പരിശീലനം നേടിയ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഡ്രീംസിന്റെ പ്രതിഭകൾ അവതരിപ്പിക്കുന്ന ഡിജിറ്റൽ ആർട്ട് പ്രസന്റേഷൻ, ഭരണഘടനാക്വിസ്, വിജ്ഞാന കേരളം യുവജന കൂട്ടായ്മയും തൊഴിൽ സംഗമവും പ്രതിഭോത്സവം തുടങ്ങിയവ എഡ്യുഫെസ്റ്റിന്റെ ഭാഗമായി നടക്കും. 19 മുതൽ 21 വരെയാണ് എഡ്യുഫെസ്റ്റ് നടക്കുന്നത്. 19ന് വൈകിട്ട് 4ന് പേരുമല എൽ.പി.എസിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനാകും.