
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ളബുകളും അസോസിയേഷനുകളും സംഘടനകളും രജിസ്റ്റർ ചെയ്യുന്നതിനായി ഏകീകൃത നിയമം കൊണ്ടുവരുന്നതിനുള്ള 'കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബിൽ' നിയമസഭയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അവതരിപ്പിച്ചു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നിലവിൽ മലബാർ പ്രദേശത്തും തിരുകൊച്ചി പ്രദേശത്തും രണ്ട് വ്യത്യസ്ത നിയമങ്ങളാണുള്ളത്. പുതിയ നിയമം വരുന്നതോടെ ഇവ റദ്ദാകും. എങ്കിലും ഇതുവരെ നേടിയ രജിസ്ട്രഷൻ നിലനിറുത്തും. പുതുക്കുമ്പോൾ പുതിയ നിയമം ബാധകമാക്കും.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലയിലെ നെന്മാറ, ചിറ്റൂർ ഒഴികെയുള്ള പ്രദേശങ്ങൾ,തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്ക്,എറണാകുളം ജില്ലയിലെ പഴയ മലബാർ ഫോർട്ട് കൊച്ചി പ്രദേശങ്ങൾ എന്നീ സ്ഥലങ്ങളിൽ 1860ലെ കേന്ദ്ര ആക്ടായ സൊസൈറ്റിസ് രജിസ്‌ട്രേഷൻ ആക്ടാണ് നിലവിൽ ബാധകമായിട്ടുള്ളത്. തിരുകൊച്ചിയിൽ 1955ലെ പന്ത്രണ്ടാം നമ്പർ ആക്ടാണ് ബാധകം.
ഫീസ് ഘടന, റിട്ടേണുകൾ ഫയൽ ചെയ്യുന്നതിലുള്ള വീഴ്ച ക്രമവത്കരിക്കൽ തുടങ്ങിയ പ്രധാന കാര്യങ്ങളിൽ ഉൾപ്പെടെ രണ്ടുനിയമങ്ങളിലും വ്യത്യാസമുണ്ട്. ഇത് പരിഹരിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്.