തിരുവനന്തപുരം: രാജ്ഭവനിലെ കൃഷിത്തോട്ടത്തിലെ വിളവെടുപ്പിന് നേതൃത്വം നൽകി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അമ്പതേക്കറിലെ കൃഷിയുടെ മികച്ച വിളവ് കണ്ടപ്പോൾ, ഗവർണർക്ക് അതിയായ സന്തോഷം. ചീര പിഴുതെടുത്ത ആർലേക്കർ ഇനം ഏതാണെന്നും ചുവന്ന ചീരയും പച്ച ചീരയും തമ്മിലുള്ള ഗുണവ്യത്യാസവും ചോദ്യച്ച് മനസിലാക്കി.
വള്ളിപ്പടർപ്പിനുള്ളിൽ നിന്ന് 'മത്തൻ' കുത്തിയെടുത്ത ഗവർണർക്ക് ഇതൊക്കെ കറികളിൽ ഉപയോഗിക്കാമോ എന്നായിരുന്നു അടുത്ത സംശയം.ബ്രൗൺ നിറത്തിലുള്ള പയർ നുള്ളിയെടുത്തപ്പോൾ 'ഇത് ഉച്ചയ്ക്ക് കഴിച്ച ഇനമല്ലേ?' എന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.പടവലം,ചീര,മുരിങ്ങ,നെയ്‌കുമ്പളം,മത്തൻ,വെള്ളരി, നിത്യവഴുതന,കാബേജ്,കത്രിക്ക,നീളപ്പയർ,കപ്പ,പച്ചമുളക്,മധുരക്കിഴങ്ങ്... തുടങ്ങിയവയാണ് വിളവെടുത്തത്.
ഓണത്തിനുമുൻപ് വിളവെടുത്ത് രാജ്ഭവനിലെ മുഴുവൻ ജീവനക്കാർക്കും പച്ചക്കറിക്കിറ്റ് നൽകണമെന്നായിരുന്നു ഗവർണറുടെ ആഗ്രഹം.മഴ ചതിച്ചതിനാൽ പൂർണമായി സാധിച്ചില്ല. ചീര, പയർ, വെണ്ട തുടങ്ങിയ ഇനങ്ങൾ മാത്രമേ ഓണക്കിറ്റിൽ നൽകാനായുള്ളൂ.കൃഷിത്തോട്ടത്തിൽ ഏറ്റവും കൂടുതൽ പയറാണ്. മൂന്ന് ഇനങ്ങളിലായി 400 മൂട് പയറുണ്ട്. രസകദളി വാഴ 300ഉം കപ്പ 250 മൂടും വെണ്ട, മുളക്, നിത്യ വഴുതന, പച്ചമുളക് തുടങ്ങിയവ 10 സെന്റ് വീതം സ്ഥലങ്ങളിലും നട്ടിട്ടുണ്ട്.