മലയിൻകീഴ്: പഞ്ചായത്ത് റോഡുകൾ തകർന്ന് തരിപ്പണമായിട്ട് കാലങ്ങൾ കഴിഞ്ഞു. ജീവൻ പണപ്പെടുത്തിയാണ് ഇരുചക്രവാഹനങ്ങളിൽ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്നത്.

മലയിൻകീഴ് പഞ്ചായത്തിലുൾപ്പെട്ട ശാന്തുമൂല-കോയിക്കൽ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങളായി. റോഡാകെ വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് അപകടക്കെണിയാകാറുണ്ടിവിടെ.

മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റ് യാത്രബുദ്ധിമുട്ട് നേരിടുമ്പോഴും കാർ,മിനി ലോറി യാത്രക്കാർ ഈ റോഡിലൂടെയാണ് പോകാറുള്ളത്. നിരവധി കുടുംബങ്ങളാണ് റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്. ഏക ആശ്രയമായ ശാന്തുമൂല-കോയിക്കൽ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും ഉടൻ ശരിയാക്കുമെന്ന പതിവ് പല്ലവിയാണ് പഞ്ചായത്ത് അധികൃതരിൽ നിന്ന് ലഭിക്കുന്നത്. മൂന്ന് വർഷം മുൻപ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച ഈ റോഡിൽ വൻകുഴികൾ മാത്രമാണുള്ളത്.

ശാന്തുമൂല നിന്ന് ആരംഭിക്കുന്ന റോഡ് കുത്തനെ ഇറക്കമാണ്. റോഡാകെ കുഴികളായതിനാൽ അപകടവും പതിവാണ്. ഈ റോഡിനോട് ചേർന്ന പൊതുകുളം നവീകരിച്ചപ്പോൾ റോഡും നവീകരിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപടിയുണ്ടായില്ല.

റോഡുകൾ തകർച്ചയിൽ

ശാന്തുമൂല-ശ്രീനാരായണ റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. വിളപ്പിൽ പഞ്ചായത്തിലെ വടക്കേ ജംഗ്ഷൻ -വിളയിൽ ദേവീക്ഷേത്രം, വിളപ്പിൽശാല-എള്ളുവിള എന്നീ റോഡുകളുടെ അവസ്ഥയും വിഭിന്നമല്ല. വിഴവൂർ -പൊറ്റയിൽ,ചേരുവിള,വേങ്കൂർ-മേടനട എന്നീ വിളവൂർക്കൽ പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമല്ല. സമീപ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവയാണ് ഇവയിൽ മിക്ക റോഡും അറ്റകുറ്റപണികൾ ചെയ്തെങ്കിലും അടുത്ത മഴയോടെ വീണ്ടും പഴയ പടി ആയെന്നാണ് നാട്ടുകാർ പറയുന്നത്.

പരാതിയിൽ പരിഹാരമില്ല,

അപകടം പതിവ്

റോഡ് ശാശ്വതമായി നവീകരിക്കണമെന്ന ആവശ്യവുമായി വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. അണപ്പാട്-ഇടത്തറ ബണ്ട് റോഡ്,കൂവളശ്ശേരി-ക്ഷേത്ര റോഡ്,പാൽകുന്ന്-പാപ്പാകോട് എന്നീ മാറനല്ലൂർ പഞ്ചായത്ത് റോഡുകളും തകർന്ന സ്ഥിതിയാണ്. സ്വകാര്യ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് ജീവൻ പണയപ്പെടുത്തിയാണ്. പഞ്ചായത്തുകൾ കൃത്യതയോടെ അറ്റകുറ്റ പണികളെങ്കിലും ചെയ്തിരുന്നെങ്കിൽ അപകട വ്യാപ്തി കുറയ്ക്കാനാകുമായിരുന്നു. മഴ പെയ്താലുടൻ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.