
വിതുര: തൊളിക്കോട് മന്നൂർക്കോണം നിവാസികൾക്ക് ഒരു പുത്തൻ അനുഭവമായി കൈമാറ്റക്കട. വസ്ത്രങ്ങളും, ഷൂസുകളും, കളിപ്പാട്ടങ്ങളുമായി ഒരു കട.
മന്നൂർക്കോണം ഇടനില ഗവൺമെന്റ് യു.പി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിലെ വോളണ്ടിയർമാരായ വിദ്യാർത്ഥികളാണ് സ്വാപ്പ്ഷോപ്പ് എന്ന ആശയം മുന്നോട്ടുവച്ചത്.
ഉപയോഗയോഗ്യമായതും ഉപയോഗിക്കാതെ കൈവശം ഇരിക്കുന്നതുമായ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാവുന്ന സാധനങ്ങൾ വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ശേഖരിച്ചു. അവ മന്നൂർക്കോണം മുള്ളുവേങ്ങാമൂട് വായനശാല ജംഗ്ഷനിൽ ആരംഭിച്ച സ്വാപ്പ്ഷോപ്പിലൂടെ ആവശ്യക്കാർക്ക് വിതരണം ചെയ്തു.
തുണിത്തരങ്ങളും കളിപ്പാട്ടങ്ങളും ഷൂസുകളും ഉൾപ്പെടെ 150പരം ഉത്പന്നങ്ങളാണ് ചുരുങ്ങിയ സമയത്തിൽ കൈമാറ്റപ്പെട്ടത്. സുസ്ഥിരവും പ്രകൃതിസൗഹാർദ്ദവുമായ സമൂഹം സൃഷ്ടിക്കുക, പുനരുപയോഗം ശീലിക്കുക എന്നീ സന്ദേശങ്ങളും ഇതിനുപിന്നിലുണ്ട്.
സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ദാസ്.കെ.എൽ, പി.ടി.എ പ്രസിഡന്റ് എം.എച്ച്.യൂനൂസ്, എസ്.എം.സി വൈസ് ചെയർമാൻ അശോക് കുമാർ, സ്കൂൾ സോഷ്യൽ സർവീസ് ക്ലബ് കോ-ഓർഡിനേറ്റർമാരായ ചിന്നു.പി.എ, അശ്വതി.എ.ആർ,അദ്ധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.