
ആറ്റിങ്ങൽ: ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ മികച്ച മാതൃക തീർത്ത് ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂൾ വളപ്പിൽ തരിശായിക്കിടന്ന സ്ഥലത്ത് നിർമ്മിച്ച നിറവ് എന്ന പച്ചത്തുരുത്തിനാണ് കാര്യക്ഷമവും മാതൃകാപരവുമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് ജില്ലാതല പുരസ്കാരവും ഒന്നാം സ്ഥാനവും ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിദ്യാർത്ഥികളും അദ്ധ്യാപകരും കൈകോർത്തപ്പോൾ പിറന്നത് നാൽപ്പതിനം സസ്യങ്ങളുള്ള ജൈവവൈവിദ്ധ്യ തുരുത്താണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് ക്യാമ്പെയിൻ വിഭാവനം ചെയ്തത്. ഈ ലക്ഷ്യത്തിനായി സ്കൂളിലെ ഏഴ് സെന്റ് തരിശുഭൂമിയിലാണ് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മനോഹരമായ ജൈവവൈവിദ്ധ്യ ഉദ്യാനം പിറന്നത്. അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായവും ഹരിത കേരളം മിഷന്റെ നേതൃത്വവും ഈ ഉദ്യമത്തിന് കരുത്തേകി.