k

കല്ലറ: കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് പ്രത്യേക അധികാരം ലഭിച്ചെങ്കിലും പന്നികൾക്കു നേരെ വെടി പൊട്ടുന്നില്ലെന്ന ആക്ഷേപമുയരുന്നു. പന്നികളെ കൊല്ലാനുള്ള ചുമതല വനംവകുപ്പ് വിട്ടൊഴിയുകയും അനുമതി ലഭിച്ച പഞ്ചായത്തുകൾ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെ കൃഷിയിടങ്ങളിൽ പന്നിശല്യം വ്യാപകമായി. കാട്ടുപന്നിശല്യം നിയന്ത്രിക്കുന്നതിൽ വനംവകുപ്പ് ജാഗ്രത കാണിക്കുന്നില്ലെന്ന് ഏറ്റവും കൂടുതൽ പരാതി ഉന്നയിച്ചത് പഞ്ചായത്ത് ഭരണസമിതികളായിരുന്നു. ഇതോടെയാണ് ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതം കൊല്ലാൻ തദ്ദേശസ്ഥാപന അദ്ധ്യക്ഷരെ ഓണററി വൈൽഡ്‌ലൈഫ് വാർഡൻമാരാക്കി പ്രത്യേകാധികാരം നൽകിയത്. ഏതൊക്കെ മാർഗങ്ങളിൽ കൊല്ലാമെന്നും കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം എങ്ങനെ മറവുചെയ്യണമെന്നതുമുൾപ്പെടെ നിർദ്ദേശങ്ങൾ നൽകിയിരുന്നു.

അടിയന്തരമായി ഈ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു മാറ്റി വനംവകുപ്പിനെ ഏൽപ്പിക്കുകയോ, ഉത്തരവിന്റെ അവ്യക്തത മാറ്റി പണം നൽകുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പഞ്ചായത്തുകൾ

നടപടി സ്വീകരിക്കുന്നില്ല

ലൈസൻസുള്ള തോക്കുടമകളെ നിയോഗിച്ചാണ് പഞ്ചായത്തുകൾ പന്നികളെ വെടിവച്ചു കൊല്ലേണ്ടത്. എന്നാൽ ചില പഞ്ചായത്തുകൾ പ്രത്യേകാധികാരം വിനിയോഗിക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. പന്നികളെ കൊന്നാൽ മറവുചെയ്യാനുള്ള നടപടികളിൽ ഉൾപ്പെടെ കൂടുതൽ വ്യക്തത വരുത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുന്നു. ഉത്തരവിന്റെ അവ്യക്തത കാരണം ശരിയായ രീതിയിൽ ഇവർക്ക് പണം മാറി നൽകാൻ പഞ്ചായത്തുകൾക്കാകുന്നില്ല.

വെടിയുണ്ട ഒന്നിന് 150 രൂപ

ഒരു പന്നിയെ വെടിവയ്ക്കുന്നതിന് യാത്രാപ്പടിയോടൊപ്പം ആയിരം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു പന്നിയെ വെടിവയ്ക്കാൻ പലപ്പോഴും ഒന്നിലധികം ദിവസം പോകേണ്ടതുണ്ട്, വെടിവയ്ക്കുന്നതിനിടയിൽ പന്നി കുത്തി പരിക്കേൽക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വെടിയുണ്ട ഒന്നിന് നൂറ്റമ്പത് രൂപ ചെലവ് വരും. തോക്കിന്റെ സർവീസ് ചാർജ് കൂടിയാകുമ്പോൾ വെടിവയ്ക്കുന്നയാളിന് മാന്യമായ വേതനം ലഭിക്കാത്ത അവസ്ഥയാണ്. പുതുതായി ആരും ഈ മേഖലയിലേക്ക് വരുന്നില്ലെന്നു മാത്രമല്ല ഉള്ളവർ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമാണ്.