തിരുവനന്തപുരം: കോന്തുരുത്തി പുഴയുടെ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളുടെ പുരധിവാസവും കനാൽ നവീകരണവും ലീഗൽ സർവീസ് സൊസൈറ്റിയുടെ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും കോടതി ഉത്തരവിനും വിധേയമായി മാത്രമേ നടത്താനാകൂവെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം പ്രോജക്ട് പദ്ധതിയിൽ ഉൾപ്പെട്ട കോന്തുരുത്തി പുഴ പുറമ്പോക്കിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പുനരധിവാസത്തിന് അർഹരായ 126 പേരിൽ 56 കുടുംബങ്ങളെ ഒഴിവാക്കി മറ്റുകുടുംബങ്ങളെ പരിഗണിക്കുന്നതിന് അനുമതി നൽകിയിരുന്നു.
പള്ളുരുത്തി വില്ലേജിൽ കൊച്ചി നഗരസഭയുടെ കൈവശമുള്ള സ്ഥലത്ത് ലൈഫ് ഭവനസമുച്ചയം കൊച്ചി നഗരസഭ മുഖേന നിർമ്മിക്കാനും തത്വത്തിൽ അനുമതി നൽകിയിരുന്നു. എന്നാൽ ഈ ഭൂമി തീരസംരക്ഷണ മേഖലയിൽ ഉൾപ്പെട്ടതായതിനാൽ തുടർനടപടി സ്വീകരിക്കാനായില്ല. ഒഴിപ്പിക്കപ്പെടുന്നവർക്ക് കോർപ്പറേഷൻ പരിധിയിൽ ഭൂമി വാങ്ങായി ഒരുകുടുംബത്തിന് പരമാവധി 5.25ലക്ഷംരൂപയും ലൈഫ്‌മിഷൻപ്രകാരം വീട് നിർമ്മിക്കാൻ 4ലക്ഷംരൂപയും ഉൾപ്പെടെ ആകെ 9.25 ലക്ഷം രൂപ മാത്രമേ നിലവിലെ വ്യവസ്ഥ പ്രകാരം നൽകാനാകൂവെന്ന് ഹൈക്കോടതിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ഇതിന് ആവശ്യമായി വരുന്ന 11.655കോടിരൂപയിൽ മാനദണ്ഡപ്രകാരമുള്ള സംസ്ഥാനവിഹിതം നൽകുന്നതിനും തീരുമാനിച്ചു. തുടർന്ന് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് തുക വിഭജിച്ച് നൽകി കൈയേറ്റഭൂമി തിരിച്ചുപിടിക്കുന്നതിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കെ.എം.ആർ.എല്ലിന് കനാൽ കൈമാറുന്ന മുറയ്ക്ക് നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്നും ടി.ജെ.വിനോദിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.