
ശംഖുംമുഖം: വലിയതുറ - ശംഖുംമുഖം തീരത്ത് കരിനെത്തോലി ചാകരയ്ക്ക് പിന്നാലെ കമ്പലവല നിറച്ച് നാടൻ മത്തിയും. ഇതോടെ ചെറുമത്സ്യങ്ങൾക്ക് പിന്നാലെ വലിയ മത്സ്യങ്ങളും കൂട്ടത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ് പരമ്പാഗത മത്സ്യത്തൊഴിലാളികൾ.
കഴിഞ്ഞ ദിവസം വലയിൽ കുടുങ്ങി തീരത്തേക്ക് വലിച്ചുകയറ്റിയ മത്തിക്കിടയിൽ നിന്ന്, 'കരയിലാവെന്ന് ' അറിയപ്പെടുന്ന ചെറിയ നെയ് മീനുകളും ലഭിച്ചു. വർഷങ്ങൾക്കു ശേഷമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചാകര ലഭിക്കുന്നത്.
നിയമം ലംഘിച്ച്
തീരക്കടലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചേക്കേറിയതോടെ ചില ബോട്ടുകൾ, നിരോധനം ലംഘിച്ച് പെലാജിക് ട്രോൾനെറ്റ്, മിഡ് വാട്ടർ ട്രോൾനെറ്റ് എന്നീ റിംഗ് വലകളുമായി തീരക്കടലിൽ മത്സ്യബന്ധനത്തിനെത്തുന്നുണ്ട്. ഇതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിട്ടുണ്ട്. ഇവർ ചെറുമീനുകളെയും പിടികൂടുമെന്നും മത്സ്യസമ്പത്ത് തകർക്കുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.