maalinyangal

മുടപുരം: റോഡരികിൽ മാലിന്യം തള്ളിയത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം മുക്കോണി ജംഗ്ഷനിൽ നിന്ന് മുട്ടപ്പലം ആൽത്തറമൂട്ടിൽ പോകുന്ന റോഡരികിലെ പുരയിടത്തിലാണ് പ്ലാസ്റ്റിക്ക് ചാക്കിൽ കെട്ടിയ ഹോട്ടൽ മാലിന്യങ്ങൾ തള്ളിയത്. നൂറിൽപ്പരം ചാക്കുകളിലായി മാലിന്യങ്ങൾ ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും രാവിലെയും ഉച്ചയ്ക്കുമായി വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയതാവാമെന്ന് നാട്ടുകാർ പറഞ്ഞു.പൊതുവെ ആൾസഞ്ചാരം കുറഞ്ഞ റോഡാണിത്. പ്ലാസ്റ്റിക്ക് കവറുകൾ,പ്ലാസ്റ്റിക് കുപ്പികൾ,ജാറുകൾ,അച്ചാർ കവറുകൾ,അച്ചാർ കുപ്പികൾ തുടങ്ങിയവയൊക്കെ മാലിന്യത്തിലുണ്ട്.ഹോട്ടൽ മാലിന്യമായതിനാൽ തെരുവുനായ്ക്കൾ ഇവിടെ എത്തുകയും ചാക്കുകൾ കടിച്ചുകീറി മാലിന്യങ്ങൾ പുറത്തിടുകയും കടിച്ചുകൊണ്ട് പോകുകയും ചെയ്യുന്നത് സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.മാലിന്യത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതും അസഹനീയമാണ്.മാലിന്യം നീക്കണമെന്നും ഇത് നിക്ഷേപിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പുരയിടത്തിലിട്ട മാലിന്യച്ചാക്കുകൾ റോഡിൽ നിരത്തിയിട്ട് നാട്ടുകാർ പ്രതിഷേധിച്ചു.നാട്ടുകാർ പൊലീസിനെയും പഞ്ചായത്തിനെയും വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, മെമ്പർ അഡ്വ.എസ്.വി.അനിലാൽ എന്നിവർ സ്ഥലത്തെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.