തിരുവനന്തപുരം: വിട്ടുവീഴ്ചയില്ലാത്ത രചനാശൈലിയുള്ള നീല പത്മനാഭൻ സർഗാത്മകമായ പിടിവാശിയുള്ള എഴുത്തുകാരനെന്ന് ഗാനരചയിതാവും മുൻചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ. തലമുറകൾ എഴുതിയതോടെ ലഭിച്ച സ്വാതന്ത്ര്യമാണ് നീല പത്മനാഭന്റെ യാത്രയുടെ സാക്ഷ നീക്കിക്കൊടുത്തതെന്നും കെ.ജയകുമാർ അഭിപ്രായപ്പെട്ടു.

വിസ്മയമാക്സ്, സെന്റർ ഫോർ ആർട്ട് കൾച്ചറൽ സ്റ്റഡീസ്, സൈൻ ബുക്സ് എന്നിവർ സംയുക്തമായി അദ്ദേഹത്തിന് ആദരം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയകുമാർ.

നീല പത്മനാഭൻ ഇവിടെയാണ് താമസിക്കുന്നത് എന്നത് തിരുവനന്തപുരത്തുകാർക്ക് അഭിമാനമാണ്.

മലയാള സാഹിത്യവുമായി അടുപ്പം പുലർത്തിയപ്പോഴും മലയാളത്തിന്റെ രചനാ ശൈലിയിലേക്ക് നീല പത്മനാഭൻ മാറിയില്ലെന്നും കെ.ജയകുമാർ പറഞ്ഞു.

നീല പത്മനാഭന്റെ തലമുറകൾ എന്ന നോവലിന്റെ പുനഃപ്രകാശനം കെ.ജയകുമാർ നിർവഹിച്ചു. മീര കമല പുസ്തകം ഏറ്റുവാങ്ങി. വെള്ളയമ്പലം വിസ്‌മയ മാക്സിൽ നടന്ന ചടങ്ങിൽ പ്രദീപ് പനങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് വലവൂർ ആമുഖപ്രഭാഷണവും പി.രവികുമാർ എം.ജി ശശിഭൂഷൺ, തിരുവനന്തപുരം തമിഴ്സംഘം ജനറൽ സെക്രട്ടറി എസ്.മുരുകൻ എന്നിവർ ആദരപ്രഭാഷണവും നടത്തി. ആരോഗ്യപ്രശ്നങ്ങൾ കാരണം പങ്കെടുക്കാൻ സാധിക്കാതിരുന്ന നീല പത്മനാഭൻ ഓൺലൈനിൽ ചടങ്ങിനെ അഭിസംബോധന ചെയ്തു.