
നവരാത്രി ഘോഷയാത്ര ഇന്ന് ആരംഭിക്കും
നാഗർകോവിൽ:അനന്തപുരിയിലെ നവരാത്രി പൂജയ്ക്ക് എത്തുന്ന തേവാരക്കെട്ട് സരസ്വതിയെ അകമ്പടി സേവിക്കുന്ന മൂന്നൂറ്റിനങ്കയ്ക്ക് ശുചീന്ദ്രത്ത് ഭക്തിനിർഭരമായ യാത്രഅയപ്പ്. ഇന്നലെ രാവിലെ 9:15ന് ശുചീന്ദ്രത്തുനിന്ന് യാത്രതിരിച്ച മുന്നൂറ്റിനങ്ക വൈകുന്നേരത്തോടെ പത്മനാഭപുരത്ത് എത്തി.ഇന്ന് രാവിലെ 7:30 ന് മുന്നൂറ്റിനങ്കയുടെയും വേളിമല കുമാരസ്വാമിയുടെയും അകമ്പടിയോടെ സരസ്വതി ദേവി തിരുവനന്തപുരത്തേക്ക് എഴുന്നള്ളും. ഇന്നലെ രാവിലെ മുന്നൂറ്റിനങ്ക ദേവിയുടെ ശുചീന്ദ്രത്തെ ക്ഷേത്രത്തിൽനിന്ന് പ്രത്യേക പൂജകൾക്കു ശേഷമാണ് ദേവി പുറപ്പെട്ടത്. രാവിലെ 9:15ന് യാത്രഅയപ്പ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. കന്യാകുമാരി എം.പി വിജയ് വസന്ത്, എം.എൽ.എ എം.ആർ. ഗാന്ധി, ദളവായ് സുന്ദരം കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണർ ജാൻസിറാണി തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിന് പുറത്ത് തമിഴ്നാട് - കേരള പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി.തുടർന്ന് അകമ്പടിയോടെ പുറപ്പെട്ട മുന്നൂറ്റിനങ്ക ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രത്തിന് മുന്നിൽ എത്തി അനുവാദം വാങ്ങി. വൈകുന്നേരം ഭക്തരുടെ സ്വീകരണങ്ങളോടെയാണ് ദേവി പത്മനാഭപുരത്ത് എത്തിയത്. ഇന്ന് രാവിലെ 7:30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കൽ മാളികയിൽ ആചാരപ്രകാരം ഉടവൾ കൈമാറ്റചടങ്ങ് നടക്കും. തുടർന്ന് പുറപ്പെടുന്ന ഘോഷയാത്ര രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ ഇറക്കിപ്പൂജ നടത്തും. ഞായറാഴ്ച്ച ഉച്ചക്ക് അതിർത്തിപ്രദേശമായ കളിയിക്കാവിളയിൽ എത്തും. രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കിപൂജ. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഘോഷയാത്ര അനന്തപുരിയിൽ എത്തും. ഇരു സംസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ 500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.