
പാറശാല: പാറശാല താലൂക്ക് ആശുപത്രിയിൽ സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ സർക്കാരിന്റെ വികസന ഫണ്ടിൽ നിന്നുള്ള 46കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും അടച്ചുമൂടിയ നിലയിൽ തുടരുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കിടപ്പ് സമരം നടത്തി. യൂത്ത് കോൺഗ്രസ് പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം മുൻ എം.എൽ.എ എ.ടി.ജോർജ് ഉദ്‌ഘാടനം ചെയ്തു. പുതുതായി തുറന്ന മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ട്രോമോ കെയർ, ഐ.സി.യു, 4 ഓപ്പറേഷൻ തിയേറ്ററുകൾ, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലാബ്, ഫാർമസി, ക്യാഷ്വാലിറ്റി, സ്കാനിംഗ്, ഡയാലിസിസ് യൂണിറ്റ് എന്നിവ പ്രവർത്തിപ്പിക്കുമെന്നായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ കെട്ടിടം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്ത് 20 ദിവസങ്ങൾ പിന്നിടുമ്പോഴും വൈദ്യുതി പോലും ഉറപ്പാക്കാനായിട്ടില്ല.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻചന്ദ്രൻ, കൊല്ലിയോട് സത്യനേശൻ, പാറശാല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ജോൺ, നെടുവൻവിള മണികണ്ഠൻ, കൊറ്റാമം ലിജിത്ത്, സുൽഫി തുടങ്ങിയവർ സംസാരിച്ചു.