
തിരുവനന്തപുരം: മേൽപ്പാലങ്ങളുടെ അടിവശത്ത് സൗന്ദര്യവത്കരണം നടത്തി ടൂറിസം വികസനമടക്കം ലക്ഷ്യമിട്ടുള്ള 'വി പാർക്ക്' പദ്ധതി സംസ്ഥാന വ്യാപകമാക്കാൻ ടൂറിസം വകുപ്പ്. കൊല്ലത്ത് നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയമായതോടെയാണിത്. തൃശൂർ ജില്ലയിൽ മൂന്നു പദ്ധതികൾക്ക് ഭരണാനുമതി നൽകി. വടക്കാഞ്ചേരിയിലെ അത്താണി, മുളങ്കുന്നത്തുകാവ്, വടക്കാഞ്ചേരി- തൃശൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചെമ്പിശ്ശേരി റെയിൽവേ മേൽപ്പാലങ്ങളിലാണിത്.
സംസ്ഥാനത്താകെ ഇരുപതിടങ്ങളിൽ ഡി.പി.ആർ തയ്യാറാക്കുന്നുണ്ട്. മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നോഡൽ ഏജൻസി. ഡിസൈൻ പോളിസിയുടെ ഭാഗമായി കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ മാതൃകാപരമായ പദ്ധതിയായി വി പാർക്കിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഉപയോഗിക്കാതെ കിടക്കുന്ന മേൽപ്പാലങ്ങളുടെ അടിവശം പൊതുജന സൗഹൃദമാക്കുകയെന്ന ലക്ഷ്യവുമുണ്ട്.
അത്താണിയിൽ എഴുപത് ലക്ഷത്തി അറുപതിനായിരം, മുളങ്കുന്നത്തുകാവിൽ അമ്പത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരം, ചെമ്പിശ്ശേരിയിൽ എഴുപത്തിയെട്ട് ലക്ഷത്തി എഴുപതിനായിരം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
ഓപ്പൺ ജിം,
കളി സ്ഥലങ്ങൾ
1. മേൽപ്പാലങ്ങളുടെ അടിവശത്ത് മനോഹരമായ നടപ്പാതകൾ, ചിത്രങ്ങൾ വരച്ച സൈഡ് വാളുകൾ, ബാഡ്മിന്റൺ- വോളിബോൾ കോർട്ട്, ഇരിപ്പിടങ്ങൾ, ആംഫി തിയേറ്റർ തുടങ്ങിയവ സ്ഥാപിക്കും
2. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, കളിയുപകരണങ്ങൾ, ഓപ്പൺ ജിം, ക്യാമറകളും മറ്റ് സുരക്ഷാ സജ്ജീകരണങ്ങളും, മനോഹരമായ പുൽത്തകിടികൾ, വെളിച്ച സജ്ജീകരണ സംവിധാനങ്ങൾ, കഫെ, ശൗചാലയങ്ങൾ തുടങ്ങിയവയുമുണ്ടാകും
''അവഗണിക്കപ്പെട്ട് പാഴായിക്കിടന്ന ഇടങ്ങളെ മനോഹരമാക്കി സംരക്ഷിച്ച് വിനോദ ഉപാധികൾക്കുള്ള മേഖലയാക്കി മാറ്റുകയെന്ന സർക്കാരിന്റെ നയമാണ് ഇത്തരം സംരംഭങ്ങൾക്ക് പിന്നിൽ
-മന്ത്രി മുഹമ്മദ് റിയാസ്