തിരുവനന്തപുരം: ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ചിലെ രാജാത്തോട്ടം സന്ദർശിക്കാനെത്തിയ യുവാക്കൾ വനത്തിൽപ്പെട്ടു . വഴിതെറ്റിയാണ് വനത്തിലാണ് യുവാക്കളുടെ സംഘം അകപ്പെട്ടത്.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ വനത്തിൻ്റെ മറുഭാഗം തമിഴ്‌നാടാണ്.
ഉച്ചയോടെ വനകാഴ്ചകൾ കണ്ടാസ്വദിക്കാൻ എത്തിയ സംഘത്തിന് പ്രദേശത്തക്കുറിച്ച് കൃത്യമായ ധാരണയും ഉണ്ടായിരുന്നില്ല.
ആര്യങ്കാവിൽ നിന്നും റോസ്മല റൂട്ടിൽ 7 കിലോമീറ്റർ യാത്ര ചെയ്താലാണ് രാജാക്കാട് വനത്തിൽ എത്താൻ സാധിക്കുന്നത്. ഇവിടുത്തെ വ്യൂ പോയിൻ്റിൻ്റെ ഏകദേശം അടുത്ത് വരെ വാഹനത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ്.
വ്യൂ പോയിൻ്റിലേക്ക് ചെറിയ നടവഴികൾ മാത്രമാണ് ഉള്ളത്. പക്ഷേ ലക്ഷ്യം തെറ്റിയാൽ തമിഴ്നാടിൻ്റെ ഉൾവനങ്ങളിലേക്ക് എത്തപ്പെടും. ശക്തമായ കാറ്റിൽ പെട്ടെന്ന് കോടമഞ്ഞു നിറയുന്നതുകൊണ്ട് പകൽ പോലും വഴിതെറ്റി ഉൾക്കാട്ടിൽ അകപ്പെട്ടേക്കാം.
വനം വകുപ്പ് ഇവിടേക്കുള്ള പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവിടുത്തെ കാഴ്ചകളെപ്പറ്റി കേട്ടറിഞ്ഞ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്തുന്നത്. ഇങ്ങനെ എത്തുന്നവർ വഴിതെറ്റി വനത്തിൽ ഒറ്റപ്പെട്ടപ്പോഴൊക്കെയും നാട്ടുകാരും വനപാലകരും ചേർന്ന് രാത്രിയിലും മറ്റും അതി സാഹസികമായാണ് ഇവരെ വനത്തിന് പുറത്ത് എത്തിച്ചിട്ടുള്ളത്. യുവാക്കൾ എത്ര പേരുണ്ടെന്നോ പേരുവിവരമോ ലഭ്യമായിട്ടില്ല. മൊബൈൽ റെയിഞ്ച് ഇല്ലാത്ത ഭാഗത്ത് ആയിരിക്കുന്നതിനാൽ ഫോണിലും ബന്ധപ്പെടാൻ സാധിക്കുന്നില്ല. കാട്ടിൽ അകപ്പെട്ട യുവാക്കൾ മൊബൈൽ റെയിഞ്ചുള്ള സ്ഥലത്തുവെച്ച് തങ്ങളുടെ സുഹൃത്തുക്കളുടെ മൊബൈലിലേക്ക് അയച്ച വോയ്സ് മെസ്സേജിലാണ് വിവരം പുറത്തറിഞ്ഞതെന്ന് ആര്യങ്കാവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനോജ് പറഞ്ഞു.