
കോവളം: തിരുവല്ലം - ഇടയാറിൽ പുരാതന വീട് കത്തി നശിച്ചു. ഇടയാറിലെ ബാലചന്ദ്രന്റെയും ഇന്ദിരയുടെയും ഉടമസ്ഥതയിലുള്ള 400 വർഷത്തോളം പഴക്കമുള്ള നാരകത്തറ വീടാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി 7.45 ഓടെയാണ് സംഭവം. തീ കത്തുന്നതറിഞ്ഞ് പ്രദേശവാസികൾ ഓടിക്കൂടി.വർഷങ്ങളായി ആൾത്താമസമില്ലാതെ കിടക്കുകയായിരുന്നു. വീട് പൂർണമായും തടിയിലാണ് നിർമ്മിച്ചിരുന്നത്. വർഷംതോറും തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റിനുള്ള കൊടി കൂറ ഇവിടെ നിന്നുമാണ് കൊണ്ടുപോയിരുന്നത്. വിഴിഞ്ഞത്ത് നിന്നും ചാക്കയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും വലിയ വാഹനങ്ങൾക്ക് ഇടയാറിൽ പ്രവേശിക്കാനായില്ല. തുടർന്ന് യൂണിറ്റിന്റെ മിനിവാനെത്തിയാണ് തീ അണച്ചത്. സാമൂഹ്യ വിരുദ്ധർ തീ ഇട്ടതാണോ ഷോർട്ട് സർക്യൂട്ടിൽ സംഭവിച്ചതാണോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.