aanandh

വിതുര: പേരൂർക്കട എസ്.എ.പി ക്യാമ്പിൽ തൂങ്ങിമരിച്ച പൊലീസ് ട്രെയിനി വിതുര മീനാങ്കൽ കരിപ്പാലം അരവിന്ദ് ഭവനിൽ അശോകൻ കാണിയുടെ മകൻ ആനന്ദിന്റെ(24) മരണകാരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും, മനുഷ്യാവകാശകമ്മിഷനും, ഡി.ജി.പിക്കും പരാതിനൽകും. ഗുരുതരമായ ആരോപണങ്ങളാണ് ആനന്ദിന്റെ അമ്മ ചന്ദ്രികയും സഹോദരൻ അരവിന്ദും ഉന്നയിക്കുന്നത്. എസ്.ടി വിഭാഗക്കാരനായ ആനന്ദ് ജാതിവിവേചനവും, മാനസികപീഡനവും നേരിട്ടതായാണ് പരാതി. പീഡനം മൂലം ഒരാഴ്ചമുൻപ് ആനന്ദ് കൈഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്നതിനിടയിലാണ് തൂങ്ങിമരിക്കുന്നത്. ആനന്ദ് പ്ലാറ്റൂൺലീഡറായതിന് ശേഷം മാനസികസംഘർത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളും പറയുന്നത്. ഇതിനിടയിൽ ആനന്ദ് ലീവ് ചോദിച്ചെങ്കിലും അനുവദിച്ചില്ല. തൂങ്ങിമരിക്കുന്നതിന് തൊട്ടുമുൻപും അമ്മയെ ആനന്ദ് വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. ക്യാമ്പിലെ പ്രശ്നങ്ങൾ താങ്ങാനും, സഹിക്കാനും കഴിയുന്നില്ലെന്നാണ് ആനന്ദ് ബന്ധുക്കളെ അറിയിച്ചിരുന്നതെന്നും പറയുന്നു. എന്തൊക്കെ നേരിടേണ്ടിവന്നാലും പിടിച്ചുനിൽക്കണമെന്നും മോൻ മിടുക്കനായ പൊലീസ് ഉദ്യോഗസ്ഥനായി ഉയർന്നുവരണമെന്നും അമ്മ ആനന്ദിനെ ഉപദേശിച്ചിരുന്നു.