
കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡിലുൾപ്പെട്ട കെ.കെ കോണം-ഇളബ്രക്കോട് ഏലാ റോഡ് തകർന്ന് വർഷം 10 കഴിഞ്ഞിട്ടും നടപടിയില്ല. ഇതുസംബന്ധിച്ച് മുപ്പതോളം പ്രദേശവാസികൾ ഒപ്പിട്ട പരാതി പഞ്ചായത്ത് പ്രസിഡന്റിന് നൽകിയിട്ടും ഫലമില്ലെന്നാണ് ആക്ഷേപം. അൻപതോളം കുടുംബങ്ങൾ നിത്യവും ആശ്രയിക്കുന്ന റോഡിനെ അധികൃതർ അവഗണിച്ചതായി പരാതിയിൽ പറയുന്നു. കൂടുതലും വയോധികരും രോഗികളും താമസിക്കുന്ന മേഖലയിൽ രൂക്ഷമായ യാത്രാ ദുരിതമാണ്. ആവശ്യ സർവീസ് വാഹനങ്ങളോ ആംബുലൻസോ ഇതുവഴി വരാൻ മടിക്കും. മെറ്റലിളകി കുന്നും കുഴിയും രൂപപ്പെട്ട റോഡിൽ ബൈക്ക് യാത്രപോലും അപകടം നിറഞ്ഞതാണ്. സ്‌കൂൾ വാഹനങ്ങൾ ഇതുവഴി വരാത്തതിനാൽ കുട്ടികളെ കിലോമീറ്റർ ദൂരമുള്ള കെ.കെ കോണം ജംഗ്ഷനിലെത്തിച്ചാണ് ബസിൽ കയറ്റി വിടുന്നത്. മഴക്കാലത്ത് ചെളിവെള്ളം കെട്ടി നിൽക്കുന്നതും വേനലായാൽ പൊടിപടലങ്ങൾ നിറയുന്നതും പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നു.
രാത്രി പ്രദേശം
കൂരിരുട്ടിൽ
പ്രദേശത്ത് ശുദ്ധജലക്ഷാമവും രൂക്ഷമാണ്. വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. അതിനാൽ രാത്രി ഈ പ്രദേശം കൂരിരുട്ടിലാണ്.അധികൃതരുടെ അവഗണന മൂലം തികച്ചും ഒറ്റപ്പെട്ട പ്രദേശമായി മാറിയെന്ന് നാട്ടുകാരും പറയുന്നു. ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് റോഡുപണി നീളുന്നതെന്നും പുതിയ ഫണ്ട് ലഭിച്ചാലുടൻ റോഡ് നന്നാക്കാൻ സാധിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. എത്രയും വേഗം റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് പൊതുപ്രവർത്തകനായ മുല്ലനല്ലൂർ ശിവദാസൻ ആവശ്യപ്പെട്ടു.