
തിരുവനന്തപുരം: നഗരസഭ കൗൺസിലറും സഹകരണസംഘം പ്രസിഡന്റുമായ ബി.ജെ.പി നേതാവിനെ വാർഡ് കമ്മിറ്റി ഓഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുമല മങ്കാട്ടുകടവ് അണ്ണൂർ ടി.സി 18/2036 'ശിവകൃപ'യിൽ കെ.അനിൽകുമാറാണ് (തിരുമല അനിൽ-58) തൂങ്ങിമരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കൗൺസിലർ ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. അനിൽ പ്രസിഡന്റായ വലിയശാലയിലെ ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിലെ നിക്ഷേപങ്ങൾ തിരികെ നൽകാനാൻ കഴിയാത്തതാണ് മരണത്തിന് കാരണമെന്ന് രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ഇന്ന് രാവിലെ ഒമ്പതിന് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് തിരുമല ജംഗ്ഷനിലും 11ന് അണ്ണൂരിലെ സ്വവസതിയിലും മൃതദേഹം പൊതുദർശനത്തിനുവച്ച ശേഷം ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും.
ഭാര്യ:ആശ ഐ.എസ് (അദ്ധ്യാപിക,ഗവ:എച്ച്.എസ്.എസ് കാപ്പിൽ) മക്കൾ: അമൃത അനിൽ,ദേവനന്ദ. പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതിസന്ധി വന്നപ്പോൾ ആരും
സഹായിച്ചില്ലെന്ന് കുറിപ്പ്
ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിലെ സംഘത്തിൽ 11 കോടിയുടെ ആസ്തിയുണ്ടെന്നും ആറ് കോടിയുടെ ബാദ്ധ്യതയുണ്ടെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. അത് പിരിച്ച് നിക്ഷേപകർക്ക് നൽകണം. താനോ കുടുംബമോ ഒരു രൂപപോലും എടുത്തിട്ടില്ല. എല്ലാവരേയും സഹായിച്ചെന്നും പ്രതിസന്ധി വന്നപ്പോൾ ആരും സഹായിക്കാനുണ്ടായില്ലെന്നും കുറിപ്പിൽ പറയുന്നു.
വായ്പ എടുത്തവർ തിരിച്ചടയ്ക്കാതായതോടെ നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാൻ കഴിയാതെ വന്നിരുന്നു. വായ്പ എടുത്തവരിൽ ബഹുഭൂരിപക്ഷവും ബി.ജെ.പിക്കാരായതിനാൽ തിരിച്ചടയ്ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തെ അനിൽ സമീപിച്ചിരുന്നതായും വിവരമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ പാർട്ടി യോഗങ്ങളിലും അനിൽ സജീവമായിരുന്നുവെന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
ആർ.എസ്.എസ് പ്രവർത്തകനായി പൊതുരംഗത്തെത്തിയ അനിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. 2015ൽ തൃക്കണ്ണാപുരം വാർഡിൽ നിന്നും 2020ൽ തിരുമലയിൽ നിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡറുമാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കോർപ്പറേഷനിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മന്ത്രി വി.ശിവൻകുട്ടി,മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിച്ചു.