
തിരുവനന്തപുരം: ഒരിക്കൽ ഐ.വി.ശശി പറഞ്ഞു: '' ചില പടങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ലാൽ മനസ്സറിഞ്ഞ് അഭിനയിക്കുന്നില്ലല്ലോ എന്ന് തോന്നും. ആർക്കോവേണ്ടി ചെയ്യുംപോലെ ഉദാസീനമായ പ്രകടനം. പക്ഷേ, സ്ക്രീനിൽ കാണുമ്പോൾ അതിശയിക്കും! എന്താണോ ആ കഥാപാത്രത്തിന് വേണ്ടത് അതാണ് ലാൽ നൽകിയത്.
അഭിനയിക്കുന്നു എന്ന് തോന്നാത്ത വിധത്തിൽ സമർത്ഥമായി ബിഹേവ് ചെയ്യുന്നതാണ് മികച്ച അഭിനയം എന്ന വിലപ്പെട്ട പാഠം നമുക്ക് നൽകുന്നു മോഹൻലാൽ!''
മോഹൻലാൽ എന്താണെന്ന് ഈ വാക്കുകളിലുണ്ട്. അഭിനയക്കളരികളിലൊന്നും പോയിട്ടല്ല ക്യാമറയ്ക്കു മുന്നിൽ വന്നത്. നാടക പശ്ചാത്തലവുമില്ല. കഥാപാത്രങ്ങളുടെ ആത്മാവ് സ്വന്തമാക്കിയാണ് ക്യാമറയ്ക്കു മുന്നിൽ നിറഞ്ഞത്. ആ വിസ്മയത്തിന് കിട്ടിയ അംഗീകാരമാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം.
ഒരിക്കൽ മോഹൻലാൽ പറഞ്ഞു: അഭിനയത്തിൽ എനിക്ക് ഗുരുക്കന്മാരില്ല. അഭിനയിക്കാൻ കഴിയില്ലെന്ന് കരുതിയ പല കഥാപാത്രങ്ങളും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞത് ഗുരുക്കന്മാരുടെ അദൃശ്യ അനുഗ്രഹം കൊണ്ടാണ്. അതിലെടുത്തു പറയേണ്ടത് 'വാനപ്രസ്ഥ'ത്തിലെ വേഷമാണ്. വർഷങ്ങളെടുത്ത് പഠിക്കേണ്ട കഥകളി പഠിച്ചിട്ടില്ല. മുഖത്ത് ചായം തേയ്ക്കുമ്പോൾ അറിയപ്പെടുന്ന കഥകളി ആചാര്യന്മാരെ മനസുകൊണ്ട് വന്ദിക്കും.'' കമലദളത്തിൽ ലാൽ നൃത്തം ചെയ്യുമ്പോഴുളള ആ മെയ്വഴക്കവും മുദ്രകൾ കാട്ടുമ്പോഴുളള വിരലുകളുടെ ചലനവം കണ്ട് വിഖ്യാത നർത്തകിയായ വാണി ഗണപതി ചോദിച്ചു: നൃത്തം പഠിക്കാത്ത ലാൽ ഇതെങ്ങനെ ചെയ്യുന്നു?
'എനിക്കറിയില്ല. ആരോ എന്റെയുളളിലിരുന്ന് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നു'! എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എന്തു പറഞ്ഞാലും മാസ്
'നരസിംഹ'ത്തിൽ മീശചുരുട്ടി 'വാ കസ്തേ' എന്ന് മോഹൻലാൽ പറയുമ്പോൾ അതിനൊരു മാസ് പവർ വരും. ഷൂട്ടിംഗ് കാണാൻ വന്ന ആരാധകനാണ് ഇങ്ങനെയൊരു ഡയലോഗ് മോഹൻലാലിനെ കൊണ്ട് പറയിപ്പിച്ചാൽ നന്നാകുമെന്ന് സംവിധായകൻ ഷാജി കൈലാസിനോടു പറഞ്ഞത്. ഒരു അർത്ഥവും ഇല്ലാത്ത വാക്ക് മോഹൻലാൽ പറഞ്ഞപ്പോൾ മാസായത് ചരിത്രം. 'നീ പോ മോനെ ദിനേശാ..', 'സവാരി ഗിരി ഗിരി' തുടങ്ങിയ ഡയലോഗുകളൊക്കെ ഇപ്പോഴും കുട്ടികൾ തോള് ചരിച്ച് പറയും.
സൂപ്പർസ്റ്റാർ പദവിയിലേക്കുയർത്തിയ രാജാവിന്റെ മകനിൽ (1986) ലാൽ അവതരിപ്പിച്ച വിൻസന്റ് ഗോമസിന്റെ ഡയലോഗ് :മൈ ഫോൺ നമ്പർ ഈസ് ഡബിൾ ടു ഡബിൾ ഫൈവ്' ഈ ഫാൻസി നമ്പരിനു വേണ്ടി പിന്നെ മത്സരമായിരുന്നു.
മറ്റുചില മാസ് ഡയലോഗ്: 'നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്സ്' (ഇരുപതാം നൂറ്റാണ്ട്)
'എങ്കിലേ എന്നോട് പറ, ഐ ലവ്യൂന്ന്' (വന്ദനം)
'എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്' (നാടോടിക്കാറ്റ്)
'ജീവിക്കാൻ ഇപ്പോൾ ഒരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കുവാ, എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ' (ചിത്രം)
'സാഗർ എന്ന മിത്രത്തെ മാത്രമേ നിനക്കറിയൂ.. ജാക്കി എന്ന ശത്രുവിനെ നിനക്കറിയില്ല' (സാഗർ ഏലിയാസ് ജാക്കി)
'ഒരു മനോരോഗ ചികിത്സകനും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിച്ചേക്കും.. ഒരു ഭ്രാന്തനെ പോലെ..' (മണിച്ചിത്രത്താഴ്)