നെടുമങ്ങാട്: കോടികളുടെ നിക്ഷേപത്തട്ടിപ്പ് പുറത്തായതിനെ തുടർന്ന് വിവാദത്തിലായ മുണ്ടേല രാജീവ്ഗാന്ധി വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയെ മറയാക്കിയും ലക്ഷങ്ങളുടെ തട്ടിപ്പ്. കാർഗിൽ യുദ്ധത്തിൽ പരിക്കേറ്റ് സർവീസിൽ നിന്ന് പിരിഞ്ഞ വിമുക്തഭടൻ അരശുപറമ്പ് തോപ്പുവിളാകത്ത് വീട്ടിൽ എസ്.ഷിജുവിന്റെ സമ്പാദ്യമായ 4 ലക്ഷം രൂപ സൊസൈറ്റിയിലെ രണ്ടു വനിതാ ജീവനക്കാരുടെ സഹായത്തോടെ നാലംഗസംഘം തട്ടിയെടുത്തു.സർവീസ് കാലത്ത് ഭാര്യയുടെ പേരിൽ വാങ്ങിയ പത്ത് സെന്റ് പുരയിടം വിറ്റ് ലഭിച്ച തുക,കച്ചേരിനടയിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് സർവീസ് എംപ്ലോയീസ് വെൽഫെയർ സംഘത്തിലെ ഒരു ജീവനക്കാരന്റെ പ്രേരണയിലാണ് മുണ്ടേല രാജീവ്ഗാന്ധി വെൽഫെയർ സൊസൈറ്റിയിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തത്.എംപ്ലോയീസ് വെൽഫെയർ സംഘം ജീവനക്കാരൻ ഷിജുവിന്റെ അയൽവാസിയാണ്.ഇയാളുടെ നിർദ്ദേശപ്രകാരം മഞ്ചയിൽ പ്രവർത്തിച്ചിരുന്ന രാജീവ്ഗാന്ധി സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസ് ജീവനക്കാരിയുടെ പക്കൽ ഒരുവർഷം മുമ്പാണ് തുക ഏല്പിച്ചതെന്ന് സൈനികൻ പറഞ്ഞു.പലിശ കിട്ടാഞ്ഞതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ സൊസൈറ്റിയിൽ ചില പ്രതിസന്ധികളുണ്ടെന്നും ജനുവരിയിൽ പണം മടക്കി തരാമെന്നും ജീവനക്കാരൻ അറിയിച്ചു.ഇതിനിടെ, കോടികളുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്ന് സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്തു. ഈ വിവരമറിഞ്ഞ് സൈനികനും കുടുംബവും ഡെപ്പോസിറ്റ് ചെയ്യാൻ പ്രേരിപ്പിച്ച ജീവനക്കാരനും കൈപ്പറ്റിയ ജീവനക്കാരിക്കുമെതിരെ അധികൃതരെ സമീപിച്ചു.ഇതേതുടർന്ന് സൊസൈറ്റിയുടെ പേരിൽ അനധികൃതമായി പാസ് ബുക്കും വ്യാജരേഖകളും ചമച്ച് വഞ്ചിച്ചുവെന്നാണ് സൈനികന്റെ പരാതി.മാദ്ധ്യമപ്രവർത്തകനും മുൻ ആനാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആനാട് ശശി മുണ്ടേല സൊസൈറ്റിയിലെ നിക്ഷേപത്തുക തിരിച്ചു കിട്ടാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തത് അടുത്തിടെയാണ്. ഒന്നരക്കോടിയിലേറെ രൂപ ഇവിടെ നിക്ഷേപിക്കാൻ ശശിയെ നിരന്തരം പ്രേരിപ്പിച്ച ഏതാനും പ്രമുഖർക്കെതിരെ ശശിയുടെ ഭാര്യ ഡോ.ലത കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.150ഓളം പേർ സൊസൈറ്റിയുടെ പേരിൽ കബളിപ്പിക്കപ്പെട്ടുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്.ഇതിൽ പലരുടെയും പണം സൊസൈറ്റിയിൽ നിക്ഷേപിക്കപ്പെട്ടിരുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.സൈനികൻ വിജിലൻസിനെയും പൊലീസിനെയും സഹ.രജിസ്ട്രാറെയും സമീപിച്ചിട്ടുണ്ട്.മകളുടെ വിവാഹാവശ്യത്തിന് കരുതിയിരുന്ന പണമാണ് ഇയാൾക്ക് നഷ്ടമായത്.അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് അരുവിക്കര പൊലീസ് അറിയിച്ചു.