coco

കുന്നത്തുകാൽ: തെങ്ങ് കടപുഴകി തൊഴിലുറപ്പ് തൊഴിലാളികളുടെ മരണത്തിനിടയാക്കിയത്, ഭൂവുടമയുടെ അനാസ്ഥയും തൊഴിലുറപ്പ് മേറ്റുമാരുടെ അലംഭാവവുമെന്ന് ആരോപണം.

റബർത്തോട്ടത്തിനുള്ളിൽ ദ്രവിച്ച് അപകടാവസ്ഥയിലായ നിരവധി തെങ്ങുകളുണ്ടെന്നും അവ മുറിച്ചു മാറ്റണമെന്നും നാട്ടുകാർ നിരവധിത്തവണ ഭൂവുടമയോട് പറഞ്ഞിരുന്നു. എന്നാൽ അവർ ചെവിക്കൊണ്ടില്ല. തൊഴിലുറപ്പ് പണികൾ നടക്കുന്നതിന് മുൻപ്,സമീപത്തുള്ള അപകടകരമായ വൃക്ഷങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ മേറ്റുമാർക്കുണ്ടായ അലംഭാവമാണ് അപകടങ്ങൾക്ക് കാരണമായതെന്നും ആരോപണമുയർന്നു.

പ്രഭാതഭക്ഷണം കഴിച്ചശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്കാണ് തെങ്ങ് നിലംപൊത്തിയത്.തെങ്ങ് കടപുഴകിയതോടെ തൊഴിലാളികൾ വിശ്രമിച്ചിരുന്ന പാലം പൂർണമായും തകർന്നു. പാലത്തിനും തെങ്ങിനും ഇടയിൽപ്പെട്ടാണ് തൊഴിലാളികൾ ദാരുണമായി മരിച്ചത്.

15 ദിവസം കൊണ്ട് തീരുന്ന പണിയിലെ നാലാം ദിവസമായിരുന്നു അപകടം. പണി നടന്നത് ഉൾപ്രദേശത്തായതിനാൽ രക്ഷാപ്രവർത്തനവും വൈകി. ആംബുലൻസ് എത്താത്ത് മൂലം ചികിത്സ വൈകിയെന്ന് മറ്റ് തൊഴിലാളികൾ പറയുന്നു. നിരവധി ഫോണുകളിൽ നിന്ന് പലതവണ വിളിച്ചിട്ടും ഫോണെടുക്കാൻ ആംബുലൻസ് ജീവനക്കാർ തയ്യാറായില്ലെന്നും ഇവർ ആരോപിക്കുന്നു. അതിനാൽ അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ലഭിക്കാൻ മുക്കാൽമണിക്കൂറിലേറെ താമസിച്ചതായി പ്രദേശവാസികൾ ആരോപിക്കുന്നു.