l

പോത്തൻകോട്: വ്രതാനുഷ്ഠാനങ്ങളുടെയും പ്രാർത്ഥനാസങ്കല്പങ്ങളുടെയും ആത്മീയ നിറവിൽ ശാന്തിഗിരിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ പൂർണകുംഭമേള നടന്നു. ഇന്നലെ രാവിലെ 5ന് ആരാധനയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് താമരപർണ ശാലയിൽ പ്രത്യേക പുഷ്പാഞ്ജലി നടന്നു. ആരാധനയ്ക്ക് ശേഷം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവരുടെ നേതൃത്വത്തിൽ ധ്വജരോഹണവും പുഷ്പ സമർപ്പണവും നടന്നു. രാവിലെ10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ അന്നദാനവും വിവിധ സമർപ്പണങ്ങളും നടന്നു.വൈകിട്ട് 6ന് കുംഭഘോഷയാത്രയ്ക്ക് തുടക്കമായി. കുംഭങ്ങൾക്കൊപ്പം ദീപതാലവും മുത്തുക്കുടകളുമായി ഭക്തർ ഘോഷയാത്രയിൽ അണിചേർന്നു. നാദസ്വരവും പഞ്ചവാദ്യവും കുംഭമേളയ്ക്ക് അകമ്പടി സേവിച്ചു. രാത്രി 8 മണിയോടെ ഘോഷയാത്ര ഗുരുപാദങ്ങളിൽ സമർപ്പിച്ചു. കുംഭമേളയോട് കൂടി നവപൂജിതം ആഘോഷങ്ങൾക്ക് സമാപനമായി.