തിരുവനന്തപുരം: എല്ലാവർക്കും പ്രിയപ്പെട്ട അനിച്ചേട്ടൻ, പരസഹായി, ഒടുവിൽ പ്രതിസന്ധിയിൽ ഒറ്റപ്പെട്ടു. ഞെട്ടലോടെയാണ് കൗൺസിലറും ബി.ജെ.പി നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യാ വാർത്ത പലരും കേട്ടത്. എന്നും ചിരിച്ച മുഖത്തോടെ കണ്ടിരുന്ന അനിലിനെ ജീവനറ്റ ശരീരമായി നഗരസഭയിൽ കണ്ടപ്പോൾ പലരും വിങ്ങിപ്പൊട്ടി. സഹപ്രവർത്തകരായ കൗൺസിലർമാർ പൊട്ടിക്കരഞ്ഞു.
ഞാനെല്ലാവരെയും സഹായിച്ചു, പ്രതിസന്ധിവന്നപ്പോൾ ഞാൻ ഒറ്റപ്പെട്ടു. തിരുമല കൗൺസിലറായിരുന്ന കെ.അനിൽ കുമാറിന്റെ ആത്മഹത്യാ കുറിപ്പിലെ വരികളാണിത്. അവസാന നിമിഷം വരെ ഒപ്പം നിന്ന ജനങ്ങൾക്കായി പരമാവധി പരിശ്രമിച്ചായിരുന്നു അനിലിന്റെ മടക്കം. സഹായിച്ച എല്ലാവർക്കും കുറിപ്പിൽ നന്ദി പറയുന്നുണ്ട്. വലിയശാല ഫാം ടൂർ സഹകരണസംഘത്തിന് 6 കോടിയോളം ബാദ്ധ്യതയുണ്ട്. 11 കോടിയുടെ ആസ്തിയുണ്ട്, അത് പിരിച്ച് നിക്ഷേപകർക്ക് കൊടുക്കണം. ഇതിന്റെ പേരിൽ തന്റെ കുടുംബത്തെ ഒറ്റപ്പെടുത്തരുതെന്നും, താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിലുണ്ട്. മരണാനന്തര ചടങ്ങിനുള്ള പണം ഒരു കവറിലിട്ട് ആത്മഹത്യക്കുറിപ്പിന് സമീപം സൂക്ഷിച്ചിരുന്നു. പണം ആവശ്യപ്പെട്ടെത്തിയ നിക്ഷേപകർക്ക് പണം പിരിച്ച് തിരികെ നൽകാൻ കഴിഞ്ഞ കുറേ ദിവസങ്ങളായി അനിൽ ശ്രമിക്കുകയായിരുന്നു. എന്നാൽ വായ്പയെടുത്തവർ കൃത്യമായി തിരിച്ചടയ്ക്കാത്തത് സംഘത്തെ ബുദ്ധിമുട്ടിലാക്കി. ബാങ്കിന്റെ ബാദ്ധ്യതയെക്കുറിച്ച് രാജീവ് ചന്ദ്രശേഖറോട് പറഞ്ഞിരുന്നതായാണ് വിവരം. ഫേസ്ബുക്കിലെ രാജീവ് ചന്ദ്രശേഖറിന്റെ അനുശോചന സന്ദേശത്തിൽ അനിലിനെ കണ്ടിരുന്നതായി കുറിച്ചിട്ടുണ്ട്. വായ്പ എടുത്തവരിൽ ബഹുഭൂരിപക്ഷവും ബി.ജെ.പിക്കാരായിരുന്നു. സംഘത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ആത്മഹത്യ ചെയ്യുമെന്നും അടുത്ത ആളുകളോട് അനിൽ പറഞ്ഞിരുന്നതായി പൊലീസും പറഞ്ഞു. തിരുമലയിലെ കൗൺസിലറുടെ ഓഫീസിൽ സഹായിയായി ഒരാൾ പ്രവർത്തിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ അനിൽകുമാർ ഓഫീസിലെത്തി. രാവിലെ ക്ഷേത്രദർശനം നടത്തിയാണ് ഓഫീസിലേക്ക് പോയത്.
കുറച്ചുനാൾ മുൻപ് നിക്ഷേപകരിലൊരാൾ സൊസൈറ്റിക്ക് മുൻപിൽ ബഹളമുണ്ടാക്കിയിരുന്നു. ഇതിനെതിരെ അനിലും സെക്രട്ടറിയും തമ്പാനൂർ പൊലീസിൽ പരാതി നൽകി. 10 ലക്ഷം രൂപ നിക്ഷേപം തിരികെ തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബഹളം വച്ചയാളും തിരിച്ച് പരാതി നൽകി. തുടർന്ന് തമ്പാനൂർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നിക്ഷേപം തിരികെ നൽകാമെന്ന് ഉറപ്പുനൽകിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്. ഇടയ്ക്ക് അനിലിന് ശാരീരിക അസ്വസ്ഥതകളുമുണ്ടായിരുന്നു.
നേരിട്ട് കണ്ടപ്പോൾ ചില പ്രശ്നങ്ങളുണ്ടെന്ന് സങ്കടത്തോടെ പറഞ്ഞിട്ടുണ്ട്. അന്ന് ആശ്വസിപ്പിച്ചാണ് വിട്ടത്.
മേയർ ആര്യാരാജേന്ദ്രൻ
ലോൺ എടുത്തവർ പലരും തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് അവരെ കണ്ട് വേഗത്തിലടയ്ക്കാൻ സംസാരിക്കുന്നുണ്ടായിരുന്നു.
വി.വി. രാജേഷ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി.