
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയില യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞ സാമ്പത്തിക വർഷം 67 ലക്ഷം രൂപ ചെലവഴിച്ചെന്ന് ആശുപത്രി അധികൃതർ. യൂറോളജി വിഭാഗത്തിലെ ഉപകരണ ക്ഷാമം വീണ്ടും വാർത്തായതോടെയാണ് അധികൃതരുടെ വിശദീകരണം.
ഇതു കൂടാതെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം രണ്ടരക്കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങി നൽകാനുള്ള നടപടിക്രമങ്ങളും അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മകളുടെ പേരിലുള്ള ചാരിറ്റബിൾ സൊസൈറ്റി വഴി വാങ്ങിയ നാലു ഉപകരണങ്ങൾ ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തിയെന്നും അധികൃതർ വ്യക്തമാക്കി.