
നെടുമങ്ങാട്: സഹകരണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിയമനങ്ങളുടെ മറവിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തികത്തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നെടുമങ്ങാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിലും സഹകാരി സംഗമത്തിലും പ്രതിഷേധം ഇരമ്പി.നൂറുകണക്കിന് സഹകാരികൾ പങ്കെടുത്തു.കച്ചേരിനടയിൽ പ്രതിഷേധ സംഗമം ഡി.കെ.മുരളി എം.എ.എ ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റിയംഗം എസ്.എസ്.ബിജു അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി കെ.പി.പ്രമോഷ്,അഡ്വ.ബി.സത്യൻ,അഡ്വ.ആർ.ജയദേവൻ,മന്നൂർക്കോണം രാജേന്ദ്രൻ,എസ്.ആർ ഷൈൻലാൽ എന്നിവർ സംസാരിച്ചു.അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ഒഴിവുള്ള 13 നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ കൈപ്പറ്റിയെന്നാരോപിച്ച് ബാങ്ക് ചെയർമാൻ ഉൾപ്പെടെ മൂന്ന് പ്രമുഖർക്കെതിരെ ഡി.സി.സി മെമ്പറുടെയും മുൻ ബ്ലോക്ക് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരും മണ്ഡലം ഭാരവാഹികളും ഇന്ദിരാഭവനിലെത്തി പ്രതിപക്ഷനേതാവിന് പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് സി.പി.എം സമരരംഗത്ത് വന്നത്.