nilam

നമ്മുടെ നെൽനിലങ്ങളുടെ പശ്ചാത്തലത്തിൽ മണ്ണിന്റെയും മനുഷ്യരുടെയും അറിയാക്കഥകൾ അനാവരണം ചെയ്യുന്ന അസാധാരണ നോവലാണ് 'നിലം." തെക്ക് പാറശാല മുതൽ വടക്ക് മഞ്ചേശ്വരം വരെയുള്ള പാടങ്ങളിൽ പരമേശ്വരൻ പോറ്റി എന്ന 'നെല്ലു പോറ്റി" നടത്തുന്ന വയൽ സഞ്ചാരത്തിൽ വെളിപ്പെടുന്ന ഉദ്വേഗഭരിതമായ സംഭവങ്ങൾ. കഥകളും ഉപകഥകളുമായി ഈ നോവലിൽ നിറയുന്നു. ഒപ്പം ഓരോ വയലിന്റെ ചരിത്രവും ഐതിഹ്യവും അതിനു പിന്നിലെ സങ്കല്പവും യാഥാർത്ഥ്യവും ഈ കൃതിയിൽ കാണാം.

ഇതിനൊക്കെ സമാന്തരമായി തെളിയുന്നത് അക്കാലത്തെ സാമൂഹ്യ,​ സാംസ്കാരിക-രാഷ്ട്രീയ സാഹചര്യങ്ങളും മനുഷ്യാവസ്ഥകളുമാണ്. കേട്ടതിനപ്പുറമുള്ള കേൾവികളും,​ കണ്ടതിൽക്കവിഞ്ഞ കാര്യങ്ങളുമാണ് അതെന്ന് വായനയുടെ ഓരോ ഘട്ടവും നമ്മെ ബോദ്ധ്യപ്പെടുത്തുന്ന രചനാസങ്കേതമാണ് എസ്. മഹാദേവൻ തമ്പി 'നില"ത്തിൽ സ്വീകരിച്ചിരിക്കുന്നത്.

നെൽകൃഷിക്കുവേണ്ടി ജീവിതം സമർപ്പിച്ച 'നെല്ലു പോറ്റി"യിലൂടെയാണ് പ്രമേയം വികസിക്കുന്നത്. വിതയും വിളവെടുപ്പും ലക്ഷ്യമാക്കി പോറ്റി പോകുന്ന ഓരോ വയലും ഓരോ ലോകമാണ്. മനുഷ്യരും പ്രകൃതിയും ഒന്നാകുന്ന ലോകം. കന്നുകാലികളും കാർഷികോല്പന്നങ്ങളും ഭിന്നമല്ലാത്ത കാർഷിക സംസ്കൃതിയുടെ പവിത്ര പരിസരമാണത്. കാലം കടന്നുപോകെ ആ കാഴ്ചകൾ മങ്ങിമറഞ്ഞു. ഒടുവിലത്തെ ദൃശ്യം നോവലിലെ ഒരുഭാഗത്ത് ആവിഷ്കരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

'പാറശാലയ്ക്കും മഞ്ചേശ്വരത്തിനുമിടയിൽ റോഡുവക്കിലുണ്ടായിരുന്ന നാനൂറ്റി എൺപത്തിയേഴ് വലിയ പാടശേഖരങ്ങളിൽ അല്പമാത്രമെങ്കിലും നെൽവയൽ അവശേഷിക്കുന്നത് നൂറ്റിമൂന്നെണ്ണത്തിൽ മാത്രം! ചെറുപാടങ്ങളിൽ ഒന്നുപോലും ബാക്കിയില്ലാതെ നികന്നു കഴിഞ്ഞു. കുട്ടനാട്, തൃശൂർ, പാലക്കാട്, വയനാട് പ്രദേശങ്ങളുടെ ഉള്ളകങ്ങളിൽപ്പോലും പണ്ടുണ്ടായിരുന്നത്ര വയലുകൾ കണ്ടില്ല. നെല്ല് വിളഞ്ഞിരുന്ന ഈ വയലുകളെല്ലാം നികത്തി ഫ്ളാറ്റുകളും വില്ലകളും ഹോട്ടലുകളും വ്യാപാര- വാണിജ്യ സമുച്ചയങ്ങളും നിർമ്മിച്ചിരിക്കുന്നത് ആരാണ് ? ആർക്ക് പാർക്കാനാണ് ഇത്രയും കോൺക്രീറ്റ് കൂടുകൾ? അന്നം തരുന്ന വയലിന്റെ നെഞ്ചുകീറി പൈലടിച്ചിറക്കിയത് ആരാണ്?" നമുക്കുനേരെ ഉയരുന്ന ഈ ചോദ്യങ്ങൾ കാലഘട്ടത്തെയാകെ അലോസരപ്പെടുത്തുന്നതാണ്.

ഖിന്നനായ പോറ്റി. വയൽനഷ്ടങ്ങളുടെ മൂലകാരണം തേടിപ്പോകുമ്പോൾ കാണുന്ന നിഗൂഢ രഹസ്യങ്ങൾ ആരെയും ഞെട്ടിക്കും. നെൽവയലുകൾക്കുണ്ടായിരിക്കുന്ന ഈ രൂപ പരിണാമങ്ങളിലൂടെ നാടിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ജീവിതാവസ്ഥകളാണ് മാറിമറിഞ്ഞതെന്ന സത്യം വെളിപ്പെടുകയാണ്. ഓരോ വയലിനും ഓരോ കഥകൾ! അങ്ങനെ അനേകം വയലുകൾ പറയുന്ന ഒട്ടേറെ കഥകളുടെ മഹാസഞ്ചയം 'നില"ത്തിൽ നിറയുന്ന ഈ കഥകളും അതിലെ കരുത്തുറ്റ കഥാപാത്രങ്ങളും സൃഷ്ടിക്കുന്നത് വിസ്മയലോകമാണ്. നമ്മുടെ ഭാഷയിൽ ഈ ഗണത്തിൽ മറ്റൊരു രചനയില്ല. രാജവാഴ്ചയിലെ അത്യാചാരങ്ങൾ, പ്രത്യേകിച്ച് തിരുവിതാംകൂറിൽ എട്ടുവീട്ടിൽ പിള്ളമാർക്കും തമ്പിമാർക്കും നേരിടേണ്ടിവന്ന ക്രൂരതകൾ ചരിത്രപരമായി നാം കേട്ടിട്ടുണ്ട്. എന്നാൽ അവരുടെ കുടുംബാംഗങ്ങൾക്കു നേരെയുണ്ടായ അതിക്രമങ്ങളുടെ വ്യാപ്തി സങ്കല്പത്തിനതീതമാണെന്ന് ഈ നോവലിൽ വിവരിച്ചിരിക്കുന്നു.

ഒരു കാലഘട്ടത്തിലെ രാഷ്ട്രീയവും അരാഷ്ട്രീയവും അടിമത്തവും സ്വാതന്ത്ര്യവും 'നില"ത്തിൽ ദർശിക്കാം. ബ്രിട്ടീഷുകാരുടെ അധിനിവേശവും രാജവാഴ്ചയിലെ വിധേയത്വവും പല തലങ്ങളിലാണ് ഇവിടെ ആവിഷ്കരിക്കുന്നത്. അതുപോലെ അധികാരവും അത്യാതിർത്തിയും പ്രണയവും രതിയും നിലത്തിൽ പുതിയ രൂപഭാവങ്ങൾ കൈവരിക്കുന്നു. അതിന്റെ പ്രതീകമായ ഭദ്ര എന്ന കഥാപാത്രത്തിലൂടെ വെളിപ്പെടുന്നത് അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ വിഹ്വലവിലാപമാണ്. അവൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണെന്ന യാഥാർത്ഥ്യം ബോദ്ധ്യപ്പെടുന്ന ഒട്ടേറെ സന്ദർഭങ്ങൾ നോവലിലുണ്ട്. നമ്മുടെ ചരിത്രത്തെ മാറ്റിമറിച്ച നിർണായക സംഭവങ്ങളും സ്വാധീനിച്ച വ്യക്തികളും പുനരവതരിക്കുന്നത് 'നില"ത്തിൽ കാണാം.

കർഷക തൊഴിലാളി സമര ചരിത്രത്തിൽ അയ്യൻകാളിയുടെയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും പങ്ക് എന്തായിരുന്നു എന്ന അന്വേഷണത്തിന് അതിശയോക്തിയില്ലാത്ത മറുപടി ഈ നോവലിൽ ലഭിക്കുന്നു. സി.പി.. രാമസ്വാമി അയ്യർ, അദ്ദേഹത്തെ വെട്ടിയ കെ.സി.എസ്. മണി, വി.എസ്. അച്ചുതാനന്ദൻ, കായൽരാജാവ് മുരിക്കൻ, നാഗഞ്ചേരി മനയുടെ അധിപനായ വാസുദേവൻ നമ്പൂതിരി തുടങ്ങി ചരിത്രത്തിന്റെ ഭാഗമായ നിരവധി പേരെ നോവലിൽ കാണാം. ഒപ്പം അവരുടെ പ്രസക്തി എന്തെന്ന് അറിയുകയും ചെയ്യാം.

സങ്കല്പത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും അതിരടയാളങ്ങൾ മായുന്നത് ഒട്ടേറെ സംഭവങ്ങളിലൂടെ,​ അനേകം കഥാപാത്രങ്ങളിലൂടെ അത്യപൂർവ മുഹൂർത്തങ്ങളിലൂടെ ഈ നോവലിൽ കാണാം. കൗതുകമുണർത്തുന്ന നാഗമാണിക്യ രഹസ്യം മുതൽ അഥർവ നിഗൂഢതകൾവരെയും,​ മന്ത്ര- തന്ത്ര പ്രയോഗങ്ങളുടെ ഗുപ്തഭാവങ്ങളും ഇവിടെ മറനീക്കുന്നുണ്ട്. ഓണാടൻ പാടങ്ങൾ, കുട്ടനാടൻ കായലുകൾ, തൃശൂർ കോൾ നിലങ്ങൾ. പാലക്കാട്-വയനാട് നെൽക്കണ്ടങ്ങൾ എന്നിവയിലൂടെ ചേറും ചെതുപ്പുമണിഞ്ഞ് സഞ്ചരിക്കുന്ന പ്രതീതി ഈ നോവൽ വായിക്കുമ്പോഴുണ്ടാകുന്നു. ഒപ്പം അവിടങ്ങളിലെ കർഷകരെയും കർഷക തൊഴിലാളികളെയും കാണുകയും അവരുടെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഇടപെട്ടുപോവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് അപൂർവ ചാരുതയാർന്ന ഈ കൃതി നമ്മെ കൊണ്ടെത്തിക്കുന്നു.

ജന്മിത്തത്തിന്റെ ഉള്ളകങ്ങളിലേക്ക് കടന്നുകയറാനും ഭൂപരിഷ്കരണം പോലുള്ള പുരോഗമന നിലപാടുകളുടെ മറുവശം തിരയാനും ഈ നോവലിൽ കാര്യമായ ശ്രമമുണ്ട്. കാലഘട്ടത്തിന്റെ അനിവാര്യത നോവലിസ്റ്റ് അപഗ്രഥിക്കുന്നത് കഥാപാത്രങ്ങളുടെ നിലപാടുകളിലൂടെയാണ്. ഗതകാല സംസ്കൃതിയും ആധുനിക യാഥാർത്ഥ്യവും അസാധാരണ ഭാവുകത്വത്തോടെ ഈ രചനയിൽ ഇഴചേരുന്നു. പ്രമേയത്തിന്റെ പ്രത്യേകത, ആവിഷ്കരണത്തിലെ പുതുമ, ഭാഷയുടെ കാവ്യവശ്യത എന്നിവയാണ് ഈ കൃതിയുടെ സവിശേഷത. വസ്തുതകളുടെ ബലത്തിൽ ചരിത്രത്തെയും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വർത്തമാനകാലത്തെയും സൂചകങ്ങളെ മുൻനിറുത്തി ഭാവിയെയും അപഗ്രഥിക്കുന്ന 'നിലം" മലയാളത്തിലെ മികച്ച കൃതികളിലൊന്നായി കാലം അടയാളപ്പെടുത്തും.

(ഗ്രീൻ ബുക്സ് ആണ് 'നില"ത്തിന്റെ പ്രസാധകർ)​