
തിരുവനന്തപുരം: നഗരസഭാ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയെ ചൊല്ലി രാഷ്ട്രീയ വിവാദം തുടരുന്നു. അനിൽകുമാറിനെ സി.പി.എമ്മും പൊലീസും വേട്ടയാടിയിരുന്നെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. അനിൽകുമാർ പ്രസിഡന്റായ ബാങ്കിൽ നിന്ന് ബി.ജെ.പി നേതാക്കൾ കടമെടുത്ത് ചതിച്ചതിന്റെ പേരിലാണ് ആത്മഹത്യയെന്നാണ് സി.പി.എം വാദം.അനിൽകുമാർ പ്രസിഡന്റായ ജില്ലാ ഫാം ടൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പ നൽകിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസും സി.പി.എമ്മും മാനസികമായി പീഡിപ്പിച്ചിരുന്നു.അതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ബി.ജെ.പിയുടെ ആരോപണം.അതേസമയം പൊലീസും സി.പി.എമ്മും ആരോപണത്തെ എതിർത്ത് രംഗത്തെത്തി.നിക്ഷേപത്തുക നൽകാത്തതിനെ തുടർന്ന് അനിൽകുമാറിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിളിച്ചുവരുത്തി മദ്ധ്യസ്ഥ ചർച്ച നടത്തി വിട്ടയച്ചുവെന്നാണ് തമ്പാനൂർ പൊലീസ് അറിയിക്കുന്നത്.സൊസൈറ്റിയുടെ മുൻപിൽ ഒരാൾ ബഹളം വച്ചതിനെ തുടർന്ന് ഒരു മാസം മുൻപ് അനിൽകുമാറും സൊസൈറ്റി സെക്രട്ടറിയും തമ്പാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു.ഇതനുസരിച്ച് ബഹളം വച്ചയാളെ പൊലീസ് വിളിച്ചുവരുത്തി.10ലക്ഷം രൂപ നിക്ഷേപം തിരികെ തരാനുള്ളതിനാലാണ് താൻ ബഹളമുണ്ടാക്കിയതെന്നാണ് അയാൾ പറഞ്ഞത്.പിന്നീട് ബഹളമുണ്ടാക്കിയയാൾ പരാതി നൽകിയതോടെ തമ്പാനൂർ പൊലീസ് ഇരുകൂട്ടരെയും വിളിച്ചുവരുത്തി മദ്ധ്യസ്ഥ ചർച്ച നടത്തി പ്രശ്നം പരിഹരിച്ചെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.ലോണെടുത്തവർ തിരികെ അടയ്ക്കാതെ വന്നപ്പോൾ തുക പിരിക്കാൻ ബോർഡംഗങ്ങൾ ഉൾപ്പെടെ നിസംഗത കാട്ടിയെന്നും താൻ ഒറ്റപ്പെട്ടെന്നുമാണ് അനിലിന്റെ ആത്മഹത്യാക്കുറിപ്പിലെ പരാമർശമായി പുറത്തുവന്നത്.
പാർട്ടിയെയും പൊലീസിനെയും പഴിചാരി ബി.ജെ.പി രക്ഷപ്പെടുന്നെന്ന വാദവുമായി സി.പി.എമ്മും രംഗത്തുണ്ട്.അനിൽകുമാറിന്റെ ആത്മഹത്യ ബി.ജെ.പി നേതാക്കൾ കടമെടുത്ത് ചതിച്ചതിന്റെ പേരിലാണെന്നും. ആത്മഹത്യാക്കുറിപ്പിൽ സി.പി.എമ്മിന്റെ പേരല്ല ബി.ജെ.പിയുടെ പേരാണ് പറയുന്നതെന്നും സി.പി.എം ജില്ലാ കമ്മിറ്റി പറഞ്ഞു.ഇന്ന് വാർഡുകളിൽ പ്രതിഷേധയോഗം ചേരാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.അതേസമയം പൊലീസ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പിയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.സംഭവത്തിൽ പൂജപ്പുര പൊലീസ് സഹപ്രവർത്തകർ, ബാങ്ക് പ്രതിനിധികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തും.