കല്ലറ: നാട്ടിൻപുറങ്ങളിൽ നിന്നും കിഴങ്ങുവർഗ്ഗങ്ങൾ അപ്രത്യക്ഷമാകുന്നു. കാട്ടുമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചതോടെ കർഷകർ ദുരിതത്തിലാണ്. ഇവ കൃഷി നശിപ്പിക്കുന്നതിനാൽ കിഴങ്ങുവർഗ്ഗങ്ങൾക്ക് കടുത്ത ക്ഷാമമാണ്. മരച്ചീനി,ചേമ്പ്,ചേന,മധുരക്കിഴങ്ങ് എന്നിവയാണ് പ്രധാനക്കൃഷി. കാട്ടുമൃഗങ്ങളെ ഭയന്ന് മലയോരത്തെ കൃഷിയിടങ്ങളിൽ ഒരുകാലത്ത് വിളവെടുത്തിരുന്ന ചേന, ചേമ്പ്, മധുരക്കിഴങ്ങ്, കാച്ചിൽ, ഇഞ്ചി തുടങ്ങിയവയാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇതോടെ വിപണിയിൽ ഉത്പന്നങ്ങളും എത്തുന്നില്ല. വിത്തുവിളകളും കിട്ടാനില്ലാത്ത സ്ഥിതിയാണ്. കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങൾ കടക്കാതെ സംരക്ഷിച്ചു നിർത്തുകയെന്നതും ഭാരിച്ച ജോലിയാണ്. ടിൻഷീറ്റുകൾ കൊണ്ടും സോളാർ വേലി കൊണ്ടും മറ തീർത്താണ് കർഷകർ വിളകളെ സംരക്ഷിച്ചു നിർത്തുന്നത്.
കാലാവസ്ഥ വ്യതിയാനം
കാലാവസ്ഥ വ്യതിയാനവും കർഷകർക്ക് വെല്ലുവിളിയാണ്. പകൽച്ചൂടിന്റെ കാഠിന്യം ഏറിയതും പിന്നാലെ കാലംതെറ്റി പെയ്യുന്ന മഴയുമെല്ലാം കൃഷിയെ ബാധിച്ചു.വേനൽമഴ ലഭിച്ചതിനു പിന്നാലെ കിഴങ്ങുവർഗ കൃഷിയിലേക്ക് കർഷകർ തിരിയാറുണ്ടെങ്കിലും അധ്വാനഭാരം ഏറെയാണ്. കാട്ടുമൃഗങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തി വിളവെടുക്കുന്ന ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നുമില്ല.
വില്ലനായി കാട്ടുപന്നി
മലയോര കർഷകരെ കൃഷിയിടത്തിൽ നിന്നു തന്നെ കുടിയിറക്കിയത് കാട്ടുപന്നികളാണ്. കാട്ടുപന്നി ആക്രമണത്തിൽ നിന്നും കിഴങ്ങുവർഗ്ഗക്കൃഷിക്കു സംരക്ഷണം നൽകുകയെന്നത് കർഷകർക്ക് വെല്ലുവിളിയായി മാറി. ഇതോടെ കൃഷി ഉപേക്ഷിച്ചതിനാൽ കിഴങ്ങുവർഗ കൃഷി വൻതോതിൽ കുറയാനും കാരണമായി. മരച്ചീനി മാത്രമാണ് മൊത്തമായി കൃഷി ചെയ്യുന്നത്. ഇതാകട്ടെ പന്നി പ്രവേശിക്കാതിരിക്കാനുള്ള സംരക്ഷണ വേലി അടക്കം നിർമ്മിച്ചാണ് കൃഷിചെയ്യുന്നത്.