പാലോട്: മലയോര മേഖലകളിൽ വന്യജീവി ആക്രമണങ്ങളാൽ മരണപ്പെടുന്നവരുടേയും ഗുരുതരാവസ്ഥയിൽ തുടരുന്നവരുടെയും എണ്ണം ക്രമാതീതമായി കൂടിയിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്നുള്ള നടപടികൾക്ക് വേഗത പേരാ എന്ന ആക്ഷേപം ശക്തമാകുന്നു. ഇരുചക്ര വാഹനയാത്രക്കാരനായ മങ്കയം റോഡരികത്ത് വീട്ടിൽ ജിതേന്ദ്രനെ കാട്ടാന ഓടിച്ചത് കഴിഞ്ഞ ദിവസമാണ്. കാട്ടാന ഇയാളെ ആക്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു.നിലവിൽ ഇദ്ദേഹം ചികിത്സയിലാണ്. ആലുങ്കുഴി സ്വദേശികളായ ദമ്പതികളെ പുലർച്ചെ 4.30ഓടെ റബ്ബർ ടാപ്പിംഗിന് പോയപ്പോഴാണ് ഗ്ലോറി എന്ന വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചത്.സാമൂഹ്യ പ്രവർത്തകനായ ഉല്ലാസ് ആത്മമിത്രമെന്നയാളിനെ രാത്രി വീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാട്ടുപന്നി ആക്രമിച്ചത്.കെ.എസ്.ഇ.ബി ജീവനക്കാരൻ സന്തോഷ്, തെന്നൂർ നെട്ടയംവിളയിൽ അനിൽ കുമാർ, സജു എന്നിവരെയും കാട്ടുപന്നി ആക്രമിച്ചിരുന്നു. പെരിങ്ങമ്മല ബൗണ്ടർ ജംഗ്ഷനിൽ നിസാബീവിയെ പന്നി ആക്രമിച്ച് ഇവർ ഇപ്പോഴും ചികിത്സയിലാണ്.
ക്യാമറകൾ മിഴി തുറന്നതോടെ ജവഹർ നവോദയ വിദ്യാലയത്തിന് സമീപത്തെ വനപ്രദേശത്തിലാണ് ഹോട്ടൽ മാലിന്യം തള്ളുന്നത്. പകലും രാത്രിയിലും ഒരുപോലെയാണ് ഇവിടെ മാലിന്യം ഭക്ഷിക്കാനെത്തുന്ന കാട്ടുപന്നി ശല്യം. വാഹനയാത്രക്കാർ ഭീതിയോടെയാണ് ഈ പ്രദേശത്തുകൂടി വാഹനം ഓടിക്കുന്നത്.
കാട്ടുപോത്ത് ആക്രമണവും
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വേങ്കൊല്ല പീലിക്കോട് ചതുപ്പ് സ്വദേശി ബാബുവിനെ കാട്ടാന ചവിട്ടിക്കൊന്നത്. പാലോട് വനംവകുപ്പ് ഓഫീസിനു സമീപത്തുവച്ചാണ് വ്യാപാരിയായ പ്രശാന്തിനെ കാട്ടുപോത്ത് ആക്രമിച്ചത്. ഇവിടെതന്നെയാണ് നെടുമങ്ങാട് സ്വദേശികളായ സുനിൽകുമാർ, സ്മിത എന്നീ ദമ്പതികളെയും കാട്ടുപോത്ത് ഇടിച്ചിട്ടത്. ഭരതന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ അനാമികയെ കാട്ടുപോത്ത് ഓടിച്ച് പരിക്കേറ്റതും ഇലക്ട്രിസിറ്റി ജീവനക്കാരായ അരുൺ തോട്ടുംപുറത്തിനെയും സുരേഷ് എന്നിവരെയും കാട്ടുപോത്ത് ഓടിച്ചിരുന്നു.കണ്ണൻകോട് ചന്ദ്രന്റെ കക്കൂസ് കുഴിയിൽ കാട്ടാന വീണിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. കഴിഞ്ഞ ഒരാഴ്ചയായി ഇടിഞ്ഞാർ മുത്തി കാണിമേഖലയിൽ പകൽ സമയങ്ങളിൽ പോലും കാട്ടാന ശല്യം രൂക്ഷമാണ്.
കൃഷിനാശവും
വിതുര, പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, പഞ്ചായത്തുകളിലാണ് ഏറ്റവുമധികം കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. ഇപ്പോൾ പുലർച്ചെ ടാപ്പിംഗ് തൊഴിലാളികൾ ജോലിക്ക് പോകുന്നില്ല. റബ്ബർ തോട്ടം നിറയെ കാട്ടുപോത്തുകളും മ്ലാവുകളുമാണ്. ജോലിക്ക് പോകുന്ന പാതയിലാകട്ടെ കാട്ടുപന്നി ശല്യവും രൂക്ഷമായുണ്ട്. നന്ദിയോട് പഞ്ചായത്തിലെ പുലിയൂരിൽ ഒരേക്കറോളം സ്ഥലത്തുവച്ച് പിടിപ്പിച്ച റബ്ബർതൈകൾ പൂർണ്ണമായും നശിപ്പിച്ചത് മുള്ളൻപന്നിയാണ്. സമീപത്തു തന്നെയുള്ള പുരയിടങ്ങളിൽ മരച്ചീനി ഉൾപ്പെടെയുള്ളവ നശിപ്പിച്ചത് കാട്ടാടുകളാണ്. രാത്രിയിൽ ഉറക്കമൊഴിഞ്ഞ് കാവൽ കിടന്നവർക്കു പോലും ലക്ഷങ്ങളുടെ കടബാദ്ധ്യതയാണ് വന്യജീവികൾമൂലം ഉണ്ടായത്. നെടുമങ്ങാട് താലൂക്കിലെ മലയോരഗ്രാമങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ എട്ടുപേരെയാണ് കരടി ആക്രമിച്ചത്.
പുലി ശല്യവും
മങ്കയം വെങ്കിട്ടമൂട് ആദിച്ചകോൺ ഭാഗങ്ങളിലാണ് പുലിശല്യം. വെങ്കിട്ടമൂട്ടിൽ ജയന്റെ പോത്തിനെ പുലി കടിച്ചു കൊന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഈ പ്രദേശങ്ങളിൽ ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല.