
കല്ലമ്പലം: മാസങ്ങളായി വെള്ളത്തിനടിയിലായിരുന്ന നാവായിക്കുളം പഞ്ചായത്തിലെ 6,13 വാർഡുകളിൽ ഉൾപ്പെടുന്ന പൊന്നാംകോണം, മങ്ങാട്ടുവാതുക്കൽ ഏലായ്ക്ക് ശാപമോക്ഷമായി. റോഡ് വികസനവുമായി ബന്ധപ്പെട്ട് മങ്ങാട്ടുവാതുക്കൽ റോഡിന്റെ കുറുകെ ഓട നിർമ്മിക്കുന്നതിനാൽ നിലവിലെ ഓട അടച്ചതാണ് വെള്ളക്കെട്ടിന് കാരണമായിരുന്നത്. കഴിഞ്ഞ 21ന് 'ഓട അടച്ചതോടെ ഏല വെള്ളത്തിൽ" എന്ന തലക്കെട്ടിൽ കേരളകൗമുദി പത്രത്തിൽ വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ദേശീയപാത അതോറിട്ടി അധികൃതർ ജെ.സി.ബി ഉപയോഗിച്ച് പഴയ ഓട താത്കാലികമായി പുനഃസ്ഥാപിച്ച് വെള്ളമൊഴുക്കി വിടുകയായിരുന്നു.
3 ഏക്കർ കൃഷിയിടത്തിലെ വിളകളെല്ലാം വെള്ളത്തിനടിയിലായിരുന്നു
കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി
കൊതുക് ശല്യവും
രൂക്ഷമായിരുന്നു
3 ഏക്കർ കൃഷി ഇടവും വാഴ, മരിച്ചീനി, ചേമ്പ്, ചേന,ഇഞ്ചി മുതലായ വിളകളെല്ലാം വെള്ളത്തിനടിയിലായതോടെ കൃഷിക്കാർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. മാസങ്ങളായി വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഏല കൊതുക് വളർത്തൽ കേന്ദ്രമായി മാറിയിരുന്നു. കൊതുക് ശല്യം രൂക്ഷമായതിനാൽ രോഗഭയം മൂലം പലരും വീട് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ നാവായിക്കുളം അശോകനും നിരവധിതവണ അധികൃതർക്ക് പരാതി നൽകിയിരുന്നു.