കടയ്ക്കാവൂർ: റെയിൽവെ സ്റ്റേഷൻ,​പൊലീസ് സ്റ്റേഷൻ,​പോസ്റ്റ് ഓഫീസ്,രജിസ്റ്റാർ ഓഫീസ്,സബ് ട്രഷറി,ആയൂർവേദ,ഹോമിയോ ആശുപത്രികൾ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുള്ള കടയ്ക്കാവൂരിൽ യാത്രക്ലേശം രൂക്ഷമാകുന്നു. ഇവിടെയെത്തുന്ന യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത് ബസ് മാർഗമാണ്.

ആലംകോട് -മീരാൻകടവ് റോഡിന്റെ പണി തുടങ്ങിയശേഷം ആലംകോട് നിന്നും കടയ്ക്കാവൂർ വരെ റൂട്ടുള്ള മിക്ക ബസുകളും മണനാക്ക് വരെ സർവീസ് നിറുത്തി വെച്ചിരുന്നു. റോഡിന്റെ പണിപൂർത്തിയായ ശേഷം ചില ബസുകൾ നാമമാത്രമായി കടയ്ക്കാവൂർ വരെ സർവീസ് നടത്തും. വർഷങ്ങളോളം പഴക്കമുള്ളതും നിരവധിപേർ ആശ്രയിക്കുന്നതുമായ മടത്തറ ബസ് സർവീസ് നിശേഷം നിറുത്തിവെച്ചിരിക്കുകയാണ്. ഇവിടുത്തെ യാത്രാ ദിരിതത്തിന് ബദൽ സംവിധാനം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിഹാരം വേണം

വർക്കലയിൽ നിന്ന് കടയ്ക്കാവൂർ വഴി ചിറയിൻകീഴിലേക്കും ചിറയിൻകീഴ് നിന്ന് കടയ്ക്കാവൂർ വഴി വർക്കലയിലേക്കും പോകുന്ന ചില ബസ്സുകൾ കടയ്ക്കാവൂർ റെയിൽവെസ്റ്റേഷൻ വരെയുള്ള ബസ് നിരക്ക് വാങ്ങി ചെക്കാലവിളാകം ജംഗ്ഷനിൽ ഇറക്കിവിടുന്നതായും പരാതിയുണ്ട്. യാത്രക്കാർ ചെക്കാലവിളാകത്ത് നിന്ന് കടയ്ക്കാവൂർ ജംഗ്ഷനിൽ വരുന്നതിന് ഓട്ടാേയെ ആശ്രയിക്കേണ്ടിവരും. യാത്രക്ലേശത്തിന് എത്രയും വേഗം ശാശ്വതമായ ഒരു പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും ശ്രമിക്കണമെന്നാണ് പൊതുവായ ആവശ്യം.