തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും ഭിന്നശേഷി വിദ്യാർത്ഥിയെ സ്‌പെഷ്യൽ സ്‌കൂളിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. പാങ്ങപ്പാറയിലുള്ള സ്ഥാപനത്തിലെ വിദ്യാർത്ഥിയായ 13കാരനാണ് ഒരുവർഷമായി പ്രവേശനം നിഷേധിച്ചിരിക്കുന്നത്.
അച്ഛൻ മരിച്ചുപോയ കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യമുള്ളയാളാണ്. കുട്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നു എന്നാണ് പ്രവേശനം നിഷേധിക്കാനുള്ള കാരണമായി പറയുന്നത്. അമ്മൂമ്മ മലയിൻകീഴ് പ്ളാവിള സന്ധ്യാഭവനിൽ ക്ളോറി ഭായ് ബാലാവകാശ കമ്മിഷന് നൽകിയ പരാതിയിൽ അനുകൂല ഉത്തരവ് ലഭിച്ചിരുന്നു.
എന്നാൽ ഉത്തരവുമായി സ്‌കൂളിലെത്തിയിട്ടും അധികൃതർ കുട്ടിയെ പ്രവേശിപ്പിക്കുന്നില്ലെന്ന് അമ്മൂമ്മ പറയുന്നു.
സ്ഥാപന ഡയറക്ടർ,പൊതുവിദ്യാഭ്യാസ ഡയറക്ടർ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി,ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി.