
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുതേടി പൊലീസ്. ഫേസ്ബുക്കിൽ നിന്ന് വിവരം ശേഖരിക്കാനായി ഇന്റർപോളിനെ സമീപിക്കാൻ ആഭ്യന്തര വകുപ്പ് ക്രൈംബ്രാഞ്ചിന് അനുമതി നൽകി. ക്രൈംബ്രാഞ്ച് ഐ.ജിയാണ് കേരളത്തിലെ ഇന്റർപോളിന്റെ നോഡൽ ഓഫീസർ. കളമശേരി സ്‌ഫോടന വിഷയത്തിൽ രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വിദ്വേഷ പ്രചാരണം, മതസ്പർദ്ധയുണ്ടാക്കൽ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഫേസ്ബുക്ക് പേജിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി പൊലീസ് നേരത്തെ മെറ്റയിൽ നിന്ന് വിവരം തേടിയിരുന്നെങ്കിലും ലഭിച്ചില്ല.