കിളിമാനൂർ: കടം വാങ്ങിയും പലിശയ്ക്ക് എടുത്തുമൊക്കെ ഓണമാഘോഷിച്ച റബർ കർഷകരുടെ പ്രതീക്ഷ,​ഓണം കഴിഞ്ഞ് റബർ വെട്ടി കടം വീട്ടാം എന്നായിരുന്നു.എന്നാൽ സീസൺ തുടങ്ങുമ്പോഴേക്കും വിലയിലുണ്ടായ ഇടിവും മഴയും ഈ പ്രതീക്ഷ തകിടംമറിച്ചു. ടാപ്പിംഗ് പലയിടത്തും തുടങ്ങാനിരിക്കുമ്പോഴായിരുന്നു വിലയിടിവ്.

ഒരു മാസത്തിനിടെ 50 രൂപയിലേറെയാണ് കുറഞ്ഞത്. മഴ മാറി നിന്നതോടെ പണി ആരംഭിക്കാനൊരുങ്ങിയ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ വിലയിടിവ്. ജൂലായിലും ആഗസ്റ്റിലും 200 രൂപയായിരുന്നു റബറിന്റെ വില. എന്നാൽ സെപ്തംബറാകുമ്പോൾ വില 180 ആയി കുറഞ്ഞു. ചില ദിവസങ്ങളിൽ വില ഇതിലും കുറയുന്നുമുണ്ട്.

കഴിഞ്ഞ വർഷവും റബർ മേഖല പ്രതിസന്ധിയിലായിരുന്നു. അതിൽനിന്ന് കരകയറാൻ കർഷകർ ശ്രമിക്കുന്നതിനിടെയാണ് ഈ തിരിച്ചടി. മുൻ മാസങ്ങളിലുണ്ടായ വിലനിലവാരം പ്രതീക്ഷനൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

ജൂലായിലെ വില - 200 രൂപ

നിലവിലെ വില - 180

ഉത്പാദനം പ്രതീക്ഷിച്ച് ബാങ്ക് ലോൺ ഉൾപ്പെടെയെടുത്താണ് തോട്ടങ്ങൾ പാട്ടത്തിനെടുത്തത്. എന്നാൽ വിലയിടിവ് ഇങ്ങനെ തുടരുകയാണെങ്കിൽ ലോൺ തിരിച്ചടവ് പോലും മുടങ്ങുമെന്ന ആശങ്കയിലാണ് ഇവർ.

മേഖലയിൽ വലിയ പങ്കും റബർ കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്. 225 ടാപ്പിംഗ് ദിനങ്ങൾ കിട്ടിയ വർഷങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങളായി 150 ദിവസം പോലും തികയ്ക്കാനാകുന്നില്ലെന്ന് ടാപ്പിംഗ് തൊഴിലാളികൾ പറയുന്നു. കാലാവസ്ഥ വ്യതിയാനം വർഷങ്ങളായി മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.

ഈ വർഷം ലഭിച്ചത് അതിശക്ത മഴയാണ്. മഴയിൽ പലയിടങ്ങളിലും വ്യാപകമായി റബർ മരങ്ങൾ കടപുഴകി.