വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ ഏർപ്പെടുത്തിയിട്ടുള്ള ട്രാഫിക് നിയന്ത്രണങ്ങൾ എല്ലാവരും കൃത്യമായും കർശനമായും പാലിക്കണമെന്ന് ഡി.കെ.മുരളി എം.എൽ.എ അറിയിച്ചു. നിലവിലുള്ള ട്രാഫിക് നിയന്ത്രണങ്ങൾ അവലോകനം ചെയ്യുന്നതിനായി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓവർബ്രിഡ്ജ് നിർമ്മാണം നിശ്ചയിച്ച രീതിയിലും വേഗത്തിലും നടക്കുന്നതായും യോഗം വിലയിരുത്തി.സ്റ്റേഷൻ ഹൗസ് ഓഫീസർ ആസാദ് അബ്ദുൽ കലാം,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീനാ രാജേന്ദ്രൻ,പി.വി.രാജേഷ്,കുതിരകളം ജയൻ,കെ.ആർ.എഫ്.ബി എൻജിനിയർമാർ,കെ.എസ്.ആർ.ടി സി ഉദ്യോഗസ്ഥർ,ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി എൻജിനിയർമാർ,ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങൾ
1.തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്ന വാഹനങ്ങൾ മുൻനിശ്ചയിച്ച റൂട്ടുകളിലൂടെ തന്നെ പോകേണ്ടതും വെഞ്ഞാറമൂട് സ്കൂൾ കഴിഞ്ഞുള്ള എസ്.ബി.ഐ ബാങ്കിന് മുൻവശത്ത് ക്രമീകരിച്ചിട്ടുള്ള താത്കാലിക സ്റ്റോപ്പിൽ നിറുത്തി പോകേണ്ടതുമാണ്.
2.തിരുവനന്തപുരം,പോത്തൻകോട് ഭാഗങ്ങളിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്കായി മാത്രം വരേണ്ട കെ.എസ്.ആർ.ടി.സി, സ്കൂൾ വാഹനങ്ങൾ തൈക്കാടു നിന്ന് തിരിഞ്ഞ് വെഞ്ഞാറമൂട് എച്ച്.പി പെട്രോൾ പമ്പിന്റെ ഭാഗത്തെത്തി തിരിച്ച് പോകണം
3 നെല്ലനാട് എൽ.പി സ്കൂൾ,നാഗരുകുഴി,പാറയ്ക്കൽ,മൈത്രീനഗർ എന്നിവിടങ്ങളിൽ സ്പീഡ് ലിമിറ്റ് ബോർഡുകൾ സ്ഥാപിക്കണം.
4.ഹെവി വെഹിക്കിൾ വാഹനങ്ങൾ നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ കൂടി മാത്രം കടന്നുപോകണം
5 വാഹനങ്ങൾ തിരിഞ്ഞുപോകേണ്ട പ്രധാന പോയിന്റുകളിൽ ആവശ്യമെങ്കിൽ കൂടുതൽ ട്രാഫിക് വാർഡന്മാരെ നിയോഗിക്കുന്നതിനും നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.