മലയിൻകീഴ്: ഗ്രാമീണ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മലയിൻകീഴ് പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വാർഡിലുൾപ്പെട്ട മാങ്കുന്ന് പ്രദേശത്ത് ഇക്കഴിഞ്ഞ ഓണത്തിന് പൈപ്പ് വെള്ളം ലഭിക്കാതെ പ്രദേശവാസികൾ വീടുകൾ പൂട്ടി ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിരുന്നു. ഇതുവരെ ഈ പ്രദേശത്ത് വാട്ടർ അതോറിട്ടി കുടിവെള്ളം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

ഏപ്രിലിൽ ജനങ്ങളുടെ പ്രതിഷേധം ഉയരുകയും കേരളകൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒരാഴ്ച പൈപ്പ് വെള്ളം കിട്ടിയിരുന്നതായി നാട്ടുകാർ പറഞ്ഞു. അഞ്ച് മാസമായി പ്രദേശവാസികൾ കുടിവെള്ളമില്ലാതെ നട്ടം തിരിയുകയാണ്.

വിളപ്പിൽ,വിളവൂർക്കൽ,മാറനല്ലൂർ,മലയിൻകീഴ് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം മുട്ടുന്നത് പതിവാണ്. പൈപ്പുകൾ പൊട്ടി കുടിവെളളം പാഴായിട്ടും ആവശ്യക്കാർക്ക് നൽകാൻ വാട്ടർ അതോറിട്ടി തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മലയിൻകീഴ് രണ്ട് വർഷം മുൻപ് മാങ്കുന്ന് ഭാഗത്ത് വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും ഏതാനും ദിവസങ്ങളിൽ മാത്രമാണ് വെള്ളം ലഭിച്ചത്. ദൂരസ്ഥലങ്ങളിൽ നിന്നും ചുമന്നുകൊണ്ടുവരുന്ന വെള്ളം മാത്രമാണ് ഇവിടത്തെ വീട്ടുകാർക്ക് ആശ്രയം.

വെള്ളമില്ലാതെ നട്ടംതിരിഞ്ഞ് ജനങ്ങൾ

നിരവധി കുടംബങ്ങളാണ് പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നത്. മുന്നറിയിപ്പില്ലാതെ കുടിവെള്ളം ദിവസങ്ങളോളം മുടങ്ങുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണ്. എന്നാൽ വാട്ടർ അതോറിട്ടി അധികൃതരോട് ഇക്കാര്യം അറിയിച്ചാൽ പത്രങ്ങളിൽ അറിയിപ്പ് നൽകിയിരുന്നുവെന്നാണ് പറയുന്നത്.
പ്ലാവിള,പോങ്ങുംമൂട്,കണ്ടല,തൂങ്ങാംപാറ,മാവുവിള,ഊരൂട്ടമ്പലം,മൂലക്കോണം എന്നീ മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തും ചിറ്റിയൂർക്കോട്,തച്ചോട്ടുകുന്ന്,പാലോട്ടുവിള,കരിപ്പൂര്,
തച്ചോട്ടുകാവ്, അന്തിയൂർക്കോണം,മേപ്പൂക്കട,ശാന്തുമൂല,ശാന്തിനഗർ എന്നീ മലയിൻകീഴ് പഞ്ചായത്ത് പ്രദേശത്തും കാളിപ്പാറ പദ്ധതിയിൽ നിന്നാണ് കുടിവെള്ളമെത്തുന്നത്. എന്നാൽ പലപ്പോഴും ഈ പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങുന്നത് പതിവാണ്.

പതിവായി പൈപ്പ്പൊട്ടലുകൾ

കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് ദിവസങ്ങളോളം കുടിവെള്ളം മുടങ്ങാൻ കാരണമാകാറുണ്ട്. ഉപഭോക്താക്കളുടെ പ്രതിഷേധം ഉയരുമ്പോൾ കുടിവെള്ളം നൽകാറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ പഴയപടിയാകും. കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസുകൾ വറ്റിയതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണം. വിളവൂർക്കൽ പഞ്ചായത്തിലെ ചൂഴാററുകോട്ട,മലയം,പൊററയിൽ, പിടാരം,കീണ, ഈഴക്കോട്, കോളച്ചിറ എന്നീ പ്രദേശങ്ങളിൽ മങ്കാട്ടുകടവിൽ നിന്നാണ് വെള്ളമെത്തേണ്ടത്.

ആവശ്യം ശക്തം

വിളപ്പിൽശാല,അരുവിപ്പുറം,ചെറുകോട്,കരിവിലാഞ്ചി,മുളയറ
പേയാട്, പുളിയറക്കോണം,പടവൻകോട് എന്നീ വിളപ്പിൽ പഞ്ചായത്തിലുൾപ്പെട്ട സ്ഥലങ്ങളിൽ വെള്ളക്കടവ് പമ്പ് ഹൗസിൽ നിന്നാണ് കുടിവെള്ളമെത്തേണ്ടതെങ്കിലും കുടിവെള്ളം മുടങ്ങുന്നത് പതിവെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടുണ്ട്.

മാങ്കുന്ന് ഭാഗത്ത് അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധമുൾപ്പെടെ സംഘടിപ്പിക്കും.

മലയിൻകീഴ് വേണുഗോപാൽ,

കെ.പി.സി.സി നിർവാഹകസമിതി അംഗം