തിരുവനന്തപുരം: നഗരസഭയിലും മേഖലാ ഓഫീസുകളിലും കെ സ്മാർട്ട് മുഖേന നൽകുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നെന്ന് രജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ (റെൻസ്‌ഫെഡ്). സെൽഫ് പെർമിറ്റ് ഒഴികെയുള്ള ബിൽഡിംഗ് പെർമിറ്റ്, ഇംപോർട്ട് പെർമിറ്റ്, പെർമിറ്റ് ട്രാൻസ്ഫർ, റഗുലറൈസേഷൻ, ടാക്സ് അസസ്മെന്റ് തുടങ്ങിയ ഫയലുകളിലാണ് കാലതാമസമുണ്ടാക്കുന്നത്.കുടപ്പനക്കുന്ന്, ഉള്ളൂർ, ആറ്റിപ്ര, വട്ടിയൂർക്കാവ് സോണൽ ഓഫീസുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും കാര്യക്ഷമതയില്ലാത്തതും കാരണം നൂറുകണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇക്കാര്യത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് റെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് വി.എസ്.അരുൺകുമാർ,സെക്രട്ടറി എസ്.വി.ദീപു എന്നിവർ അറിയിച്ചു.