തിരുവനന്തപുരം: വർഷങ്ങളായി നികുതി അടയ്ക്കുന്ന ഭൂമിയുടെ നികുതി തുടർന്നും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് . നികുതി സ്വീകരിക്കുന്നത് സർക്കാരിന്റെ വരുമാനമാർഗം മാത്രമാണെന്നും കരം തീർപ്പ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്ന രേഖയല്ലെന്നും കമ്മിഷൻ പറഞ്ഞു. 23 സെന്റിന് പകരം 19 സെന്റിന് മാത്രമാണ് കരം ഈടാക്കിയതെന്നാരോപിച്ച് പാങ്ങപ്പാറ വില്ലേജ് ഓഫീസർക്കെതിരേ ചെമ്പഴന്തി സ്വദേശി പി. പ്രദീപൻ നൽകിയ പരാതിയിലാണ് നടപടി. 23 സെന്റിന് പകരം 19 സെന്റ് മാത്രമാണുള്ളതെന്നും അതിനേ കരം മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന വാദം ന്യായവിരുദ്ധമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. കൈവശത്തിലുള്ളതും ഉടമസ്ഥതതയിലുള്ളതും വർഷങ്ങളായി നികുതി സ്വീകരിച്ചു വരുന്നതുമായ ഭൂമിക്ക് തുടർനികുതി സ്വീകരിക്കാതിരിക്കുന്നത് കേരള ഭൂനികുതി നിയമപ്രകാരം നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിലുണ്ട്. ആറ് ആഴ്ചയ്ക്കകം തുടർ നടപടികൾ അറിയിക്കാനും കമ്മിഷൻ ഉത്തരവിലുണ്ട്. ഭൂമിയുടെ റീസർവേ നടത്താമെന്ന തഹസിൽദാരുടെ റിപ്പോർട്ട് കമ്മിഷൻ തള്ളി.