1

വിഴിഞ്ഞം: സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ച് 80ഓളം വിദ്യാർത്ഥികൾക്ക് പരിക്ക്.വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളുകളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ രാവിലെ 9ന് വിഴിഞ്ഞം വെങ്ങാനൂർ റോഡിൽ കല്ലുവെട്ടാൻകുഴി പഴയ കെ.എസ്.ഇ.ബി ഓഫീസിന് എതിർവശത്തായിരുന്നു അപകടം.ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഇടതുവശത്തെ മുൻഭാഗം പൂർണമായും തകർന്നു.ഇലക്ട്രിക് പോസ്റ്റ് തകർന്ന് ബസിനുള്ളിലേക്ക് ഇടിച്ചുകയറി.വിദ്യാർത്ഥികൾക്ക് തലയ്ക്കും ശരീരഭാഗങ്ങളിലും പരിക്കേറ്റു.പരിക്കേറ്റവരെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രി,മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ച് പരിശോധനയ്ക്ക് ശേഷം തിരികെ വിട്ടു.ഒരു വിദ്യാർത്ഥി ആശുപത്രി നിരീക്ഷണത്തിലാണ്.

സഫർ (12),മുഹമ്മദ് നിഹാൽ(13),മുഹമ്മദ് അസ്ലം(11),സുബ്ഹാന(10), മുഹമ്മദ് റിസ്വാൻ(11),മുഹമ്മദ് ഹാഷിം(12),മുഹമ്മദ് റിയാസ് ഖാൻ (10),സജ്നാ ബീവി(14),മുഹമ്മദ് ആസിഫ്(10),മുഹമ്മദ് യൂസഫ് (12),അൽ അമീൻ(10),മുഹമ്മദ് ഷാഹിദ്(13),സിനാൻ(16),മുഹമ്മദ് സുഫിയാൻ(15),അഫ്സൽ(11),സഫ കാസിം(12),മുഹമ്മദ് ആസിഫ്(12),ബാസിത് (13),മുഹമ്മദ് ബിൻയാമിൻ(13),മുഹമ്മദ് യാസീൻ (14),സിനാൻ(13),മുഹമ്മദ് അബൂബക്കർ(16) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

സ്‌കൂൾ ബസിന്റെ കാലപ്പഴക്കവും വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോയതും രക്ഷാകർത്താക്കളുടെ പ്രതിഷേധത്തിനിടയാക്കി.അപകടത്തെ തുടർന്ന് ജമാഅത്ത് ഭാരവാഹികൾ സ്‌കൂൾ അധികൃതരുമായി സംസാരിച്ച് അടിയന്തരമായി പരിഹാരം കാണാമെന്ന് ഉറപ്പുനൽകി.തുടർന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ,സ്‌കൂൾ അധികൃതർ, കൗൺസിലർ നിസാമുദ്ദീൻ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

എം.വിൻസന്റ് എം.എൽ.എ അപകടസ്ഥലത്തെത്തി വേണ്ട നിർദ്ദേശം നൽകി.മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമെത്തി മന്ത്രി വി.ശിവൻകുട്ടി പരിക്കേറ്റ കുട്ടികളെ സന്ദർശിച്ചു.